ചൈനയിൽ 140 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; 20 മരണം

0

ബീജിങ്:ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയും പ്രളയവും. 140 വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയത്. മഴയിലും വെള്ളപ്പൊക്കത്തിലും 20 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ശനിയാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ നഗരത്തിൽ 744.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി ബീജിങ് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 1891 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്.

കഴിഞ്ഞ 40 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് ജൂലൈ മാസത്തിൽ ആകെ പെയ്ത മഴയുടെ ശരാശരിയുടെ അത്രയുമാണ്. ഉഷ്ണമേഖല കൊടുങ്കാറ്റ് ഡോക്‌സുരി കഴിഞ്ഞയാഴ്ച തെക്കൻ ഫുജിയാൻ പ്രവിശ്യയിൽ ആഞ്ഞടിച്ചതിന് ശേഷം വടക്കോട്ട് നീങ്ങിയതിന് പിന്നാലെയാണ് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പൗരന്മാരെ ക്യാംപുകളിലും സ്‌കൂളുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചില മേഖലകളിൽ ട്രെയിൻ, റോഡ് ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്.

You might also like