നാം ദൈവത്തിന്റെ കീഴിൽ ഒരൊറ്റ ജനതയാണെന്ന കാര്യം മറക്കരുത്: മെലാനിയ ട്രംപ്

0

വാഷിംഗ്ടൺ ഡി‌സി: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ട്രംപിന്റെ പത്നിയും അമേരിക്കയുടെ പ്രഥമ വനിതയുമായ മെലാനിയ ട്രംപ്. കഴിഞ്ഞയാഴ്ച കാപ്പിറ്റോളിൽ നടന്ന അനിഷ്ട സംഭവം തന്നെ നിരാശപ്പെടുത്തിയെന്നും ദൈവത്തിന്റെ കീഴിലുള്ള ഒരൊറ്റ ജനതയാണ് നാമെന്ന കാര്യം മറക്കരുതെന്നും മെലാനിയ പ്രസ്താവിച്ചു. പരസ്പരം പറയുന്നത് കേൾക്കാൻ തയാറാകണമെന്നും നമ്മെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധചെലുത്തുകയും, വിഭജിക്കുന്നവയ്ക്കെതിരെ നിലകൊള്ളുകയും വേണമെന്ന് മെലാനിയ അമേരിക്കൻ ജനതയോടു ആഹ്വാനം ചെയ്തു. കാപ്പിറ്റോൾ ആക്രമത്തിൽ മരിച്ചവരോടുള്ള അനുശോചനവും മെലാനിയ രേഖപ്പെടുത്തുകയുണ്ടായി.

വ്യക്തിഹത്യ നടത്തുന്നത് ലജ്ജാവഹമാണെന്ൻ പറഞ്ഞ മെലാനിയ കാപ്പിറ്റോൾ അക്രമത്തെ താൻ അപലപിക്കുന്നുവെന്നും അക്രമം ഒരിക്കലും സ്വീകാര്യമല്ലെന്നും, തിരഞ്ഞെടുപ്പ് ആവേശം അക്രമത്തിലേക്ക് പോവരുതെന്നും പറഞ്ഞു. കഴിഞ്ഞ 4 വർഷത്തെ തന്റെ അനുഭവങ്ങളെ കുറിച്ചും മെലാനിയയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. അമേരിക്കയുടെ പ്രഥമ വനിതയായി സേവനം ചെയ്യുവാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ജീവിതകാലം മുഴുവനും ഒരു ആദരവായിരിക്കുമെന്ന് മെലാനിയ പ്രസ്താവിച്ചു. ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്താനായി ജനുവരി 6ന് കോൺഗ്രസ് അംഗങ്ങളും ജനപ്രതിനിധികളും സമ്മേളിച്ചിരുന്ന കാപ്പിറ്റോളിൽ നടത്തിയ ആക്രമത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരിന്നു.

You might also like