കാലാവസ്ഥാപ്രതിസന്ധികളിൽ ഉത്കണ്ഠയറിയിച്ച് ഫ്രാൻസിസ് പാപ്പാ
പ്രകൃതി സംബന്ധമായ പല പ്രതിസന്ധികളെ പറ്റി പ്രതിപാദിക്കുന്നതോടൊപ്പം ദൈവീക സൃഷ്ടിയുടെ മനോഹാരിതയും, വ്യതിരിക്തതയും എടുത്തു പറയുന്ന ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനമായ ‘ലൗദാത്തോ സി’ 2015 മേയ് മാസം ഇരുപത്തിനാലാം തീയതിയാണ് പ്രകാശനം ചെയ്യപ്പെട്ടത്.
അന്ന് മുതൽ ആഗോളതലത്തിൽ ഈ വിഷയങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുകയും ലോകനേതാക്കളിൽ പലരും, ഈ പ്രതിസന്ധികളെ പറ്റി അറിയിക്കുവാനും അതിനുവേണ്ടി ഫലപ്രദമായ കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ എത്തിക്കുവാൻ വത്തിക്കാന്റെ പല മേഖലകളെയും ഏകോപിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ കൈക്കൊണ്ട പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ചാക്രികലേനത്തിന്റെ തുടർച്ചയെന്നോണം വീണ്ടും ആസന്നമായ കാലാവസ്ഥ പ്രതിസന്ധികളെ പറ്റി അറിയിച്ചുകൊണ്ട് വീണ്ടും ഒരു കത്ത് തയ്യാറാക്കുകയാണ് താനെന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു. കൗൺസിൽ ഓഫ് യൂറോപ്പിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കവേയാണ് ഫ്രാൻസിസ് പാപ്പാ ഇതേപ്പറ്റി പ്രതിപാദിച്ചത്.
തുടർന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് ഇതേപ്പറ്റിയുള്ള വിശദീകരണം മാധ്യമപ്രവർത്തകരുമായുള്ള സമ്മേളനത്തിൽ നൽകി.