ദക്ഷിണാഫ്രിക്കയ്ക്കും ഉക്രൈനും വേണ്ടി പ്രാർത്ഥനയോടെ പാപ്പാ
ദക്ഷിണാഫ്രിക്കയിൽ അഗ്നിബാധയിൽ മരണമടഞ്ഞവർക്കും, ഉക്രൈനിൽ യുദ്ധക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്കും വേണ്ടി പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടു. സെപ്റ്റംബർ 6 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് തെക്കൻ ആഫ്രിക്കയിലെ അഗ്നിബാധയിൽ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അതോടൊപ്പം ഇപ്പോഴും തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൽ കഷ്ടപ്പെടുന്നവർക്കും വേണ്ടി പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.
ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയിൽ ഏഴുപതിലധികം ആളുകൾ മരണമടഞ്ഞതിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. അഞ്ചു നിലകളുള്ള ഈ കെട്ടിടത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞവരിൽ നിരവധി കുട്ടികളും ഉണ്ടായിരുന്നുവെന്ന് പാപ്പാ അനുസ്‌മരിച്ചു. അപകടത്തിൽ ഇരകളായവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും ആഹ്വാനം ചെയ്ത പാപ്പാ, സംഭവത്തിൽ വേദനയ്ക്കുന്ന കുടുംബാംഗങ്ങൾക്ക് തന്റെ അനുശോചനം രേഖപ്പെടുത്തുകയും, അവർക്കും, അപകടത്തിൽപ്പെട്ടവർക്ക് സേവനങ്ങളെത്തിക്കുന്നവർക്കും അനുഗ്രഹങ്ങൾ ആശംസിക്കുകയും ചെയ്‌തു.