ഡാനിയല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയം: ലിബിയയില്‍ 11,000 പിന്നിട്ട് മരണങ്ങള്‍
ട്രിപോളി: ഡാനിയല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ലിബിയയില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു. മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കിനേക്കാള്‍ വളരെ കൂടുതലാണെന്ന് ഡെര്‍ന ഭരണകൂടം അറിയിച്ചു.
മേഖലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഗതാഗത സംവിധാനങ്ങള്‍ തകരാറിലായതോടെ പല മേഖലകളിലേക്കും എത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടില്ല.
തൊബ്രൂക്ക് സര്‍ക്കാരാണ് നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ഡെര്‍നയുടെ പുനരധിവാസത്തിനും മറ്റുമായി ട്രിപോളി ഭരണകൂടം 412 മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയും സഹായവുമായി രംഗത്തുണ്ട്. ഡെര്‍നയ്‌ക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും കാലാവസ്ഥാവ്യതിയാനം ദുരന്തത്തില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും ഐക്യരാഷ്‌ട്രസഭ അറിയിച്ചു.
ഡെര്‍നയിലേക്കുള്ള പ്രവേശനം ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ്. ആഹാരവും പാര്‍പ്പിടവും ആരോഗ്യ പരിപാലന സംവിധാനങ്ങളുമാണ് ഇവിടെയുള്ളവരുടെ അടിയന്തര ആവശ്യങ്ങളെന്നും യുഎന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫിത് പറഞ്ഞു. ഭരണസംവിധാനങ്ങളുടെ ഏകോപനവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാമുകളുടെ തകര്‍ച്ച പരിഹരിക്കാനും തകര്‍ച്ചയില്‍ അന്വേഷണം വേണമെന്നും ലിബിയയുടെ ട്രിപോളി മേഖലയിലെ പ്രധാനമന്ത്രി അബ്ദുള്‍ ഹമീദ് ദബീബ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 1970ല്‍ നിര്‍മിച്ച ഡാമുകളാണ് തകര്‍ന്നിരിക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായും മറ്റും 2012ലും 2013ലും 20 ലക്ഷം യൂറോ വീതം അനുവദിച്ചിരുന്നു. എന്നാല്‍ അവ പരിപാലിക്കപ്പെട്ടിട്ടില്ലെന്നാണ് നിലവിലെ ആരോപണം.