പാപ്പാ: ഭരണകൂടത്തിൻറെയും പൊതുനന്മയുടെയും സേവകർ, അനീതിക്കെതിരെ പോരാടുന്നവരാകണം!
നീതി നടപ്പാക്കൽ എന്നത് തെറ്റ് ചെയ്തവരെ ശിക്ഷിക്കുക മാത്രമല്ല, ആദരവിൻറെയും പൊതുനന്മയുടെയും അടയാളത്തിൻകീഴിൽ വ്യക്തികളെ ശിഷ്ടരാക്കുകയുമാണെന്ന് മാർപ്പാപ്പാ.
നാസിപ്പട തടവിലാക്കിയ നിരപരാധികളെ രക്ഷിക്കുന്നതിനായി 1943 സെപ്റ്റംബർ 23-ന്, അതായത് 80 വർഷം മുമ്പ്, ജീവൻ ബലികൊടുത്ത ഇറ്റലിയിലെ സൈനികപ്പോലിസ് ഉപമേധാവി സാൽവൊ ദക്വീസ്തൊയുടെ സ്മരണാർത്ഥം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കാങ്കണത്തിൽ ശനിയാഴ്‌ച (16/09/23) നടന്ന കൂടിക്കാഴ്ചാ വേളയിൽ ഇറ്റലിയിലെ സൈനികപ്പോലീസും, അതായത്, “കരബിനിയേരിയും” പോലീസ് മേധാവികളുമടങ്ങുന്ന ആറായിരത്തോളം പേരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ആത്മപരിത്യാഗ മനോഭാവത്തോടെ സാൽവൊ ദക്വീസ്തൊ നിർവഹിച്ച ദൗത്യത്തിലേക്ക്, അദ്ദേഹം നല്കിയ തീവ്രമായ സാക്ഷ്യത്തിലേക്ക് നോക്കുന്നത് നല്ലതാണ് എന്നു പറഞ്ഞ പാപ്പാ, അത്, ഭൂതകാലത്തിൽ കണ്ണും നട്ടു നില്ക്കുന്നതിനല്ല, മറിച്ച്, ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ പ്രചോദനങ്ങൾ കണ്ടെത്തുന്നതിനാണ് എന്ന് ഓർമ്മിപ്പിച്ചു.
യൂറോപ്പിൽ വംശീയ പീഢനങ്ങളും വിദ്വേഷത്തിൻറെ യുക്തിയും പ്രബലമായിരുന്ന ഭീകരതയാർന്ന ഒരു ഘട്ടത്തിലാണ് സാൽവൊ ദക്വീസ്തൊ ജീവിച്ചിരുന്നതെന്നും അദ്ദേഹത്തിൻറെ ചരിത്രവും ത്യാഗവും, ഇന്നും, അതായത്, വ്യക്തിവാദവും, അപരനോടുള്ള അസഹിഷ്ണുതയും അക്രമത്തിൻറെയും വിദ്വേഷത്തിൻറെയും വിവിധ രൂപങ്ങളും വഴി മലിനമാക്കപ്പെട്ട ഈ കാലഘട്ടത്തിലും, ഏറെ പ്രസക്തമാണെന്നും സ്നേഹത്തിൻറെ ശക്തിയാൽ സാന്ദ്രമായ ഒരു സന്ദേശമാണ് അദ്ദേഹം നമുക്കേകുന്നതെന്നും പാപ്പാ പറഞ്ഞു.
ഭരണകൂടത്തിൻറെയും പൊതുനന്മയുടെയും സേവകർ, അനീതിക്കെതിരെ പോരാടുകയും ദുർബ്ബലരെ സംരക്ഷിക്കുകയും നമ്മുടെ നഗരങ്ങൾക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യുകയും ചെയ്യുന്നത് മനോഹരമാണെന്നു പറഞ്ഞ പാപ്പാ തീർച്ചയായും, ഇതിനെല്ലാം ത്യാഗവും പ്രതിബദ്ധതയും, അച്ചടക്കവും സംലഭ്യതയും, ഉത്തരവാദിത്വബോധവും അർപ്പണമനോഭാവവും ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു.