കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.
തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.
തമിഴ്നാട് പാളുകലിലുള്ള വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവില്‍ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷാരോണിന്റെ മരണമൊഴിയില്‍ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവില്‍ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.