ആശുപത്രി ബില്ലുകളിലെ ലാഭക്കൊള്ളയ്‌ക്കെതിരെ കേന്ദ്ര ഇടപെടല്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഔഷധവില നിയന്ത്രണ സമിതിക്ക് നിര്‍ദേശം

0

ന്യൂഡല്‍ഹി: ചികിത്സാ സാമഗ്രികളുടെ പേരില്‍ രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ വന്‍തുക ഈടാക്കുന്ന ചൂഷണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികളിലേക്ക് കടക്കുന്നു. ആശുപത്രികളുടെ കൊള്ളലാഭ പ്രവണത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ഔഷധവിലനിയന്ത്രണ സമിതിയോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചികിത്സയ്ക്കാവശ്യമായ സാമഗ്രികള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി പതിന്‍മടങ്ങ് തുക രോഗികളുടെ ബില്ലില്‍ ഉള്‍പ്പെടുത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.

മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ കമ്മിഷണര്‍ തുക്കാറാം മുണ്ഡേയുടെ നേതൃത്വത്തില്‍ നടന്ന സമഗ്ര പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കേവലം 11.05 രൂപയ്ക്ക് ആശുപത്രികള്‍ വാങ്ങുന്ന ഒരു ഐ.വി സെറ്റിന് രോഗികളില്‍ നിന്ന് 325 രൂപ വരെ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. പല വസ്തുക്കള്‍ക്കും 2500 ശതമാനത്തിലേറെയാണ് ആശുപത്രികള്‍ ലാഭം കൊയ്യുന്നത്. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തമിഴ്നാട്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡ്രഗ്സ് വിഭാഗങ്ങളും കേന്ദ്ര ഡ്രഗ്സ് വിഭാഗത്തെ സമീപിച്ചിട്ടുണ്ട്.

സ്റ്റെന്റുകള്‍, കൃത്രിമ അസ്ഥിഘടകങ്ങള്‍ എന്നിവ ഒഴികെയുള്ള മറ്റ് ചികിത്സാ സാമഗ്രികള്‍ പലതും നിലവില്‍ അവശ്യമരുന്ന് പട്ടികയ്ക്ക് പുറത്തായതാണ് ആശുപത്രികള്‍ക്ക് തന്നിഷ്ടം പോലെ വില ഈടാക്കാന്‍ അവസരമൊരുക്കുന്നത്. ഈ നിയമപരമായ പരിമിതി മറികടക്കാന്‍ ആശുപത്രികള്‍ ഇളവുകളോടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന വിലയും രോഗികള്‍ക്ക് നല്‍കുന്ന വിലയും തമ്മിലുള്ള അന്തരം (വ്യാപാര കമ്മിഷന്‍) പരമാവധി 20 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിട്ടുണ്ട്

You might also like