ആഫ്രിക്ക ക്രൈസ്തവരുടെ ശ്മശാനമാകുന്നു?
കോംഗോയിൽ ഈ മാസം മാത്രം കൂട്ടക്കൊലയ്ക്കിരയായത് നൂറോളം ക്രൈസ്തവർ
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ (ഡി.ആർ.സി) ഇസ്ലാമിക തീവ്രവാദികൾ ഈ മാസം ഇതുവരെ നൂറോളം ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തിയതായി പ്രമുഖ അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടന. കോംഗോയിലെ ഇതുരി, വടക്കൻ കിവു മേഖലകളിൽ സജീവമായ ‘അലിയൻസ് ഫോർ ഡെമോക്രാറ്റിക് ഫോഴ്സസ്’ (എ.ഡി.എഫ്) എന്നറിയപ്പെടുന്ന ഇസ്ലാമിക തീവ്രവാദി സംഘടന ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയായിരിന്നുവെന്നാണ് ക്രൈസ്തവർക്കെതിരായ മതപീഡനങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ഓപ്പൺ ഡോഴ്സ്’ പറയുന്നത്. 2019 ഒക്ടോബറിൽ ‘എ.ഡി.എഫ്’ നെതിരെ സൈനീക നടപടി ഉണ്ടായതിനു ശേഷം ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും കൂടിയിരിക്കുകയാണെന്ൻ പ്രമുഖ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രാദേശിക സംഘടനയായ ‘ലുച്ച’ പറയുന്നതനുസരിച്ച് 2019-ന് ശേഷം ഏതാണ്ട് 1200-ലധികം ക്രിസ്ത്യാനികൾ എ.ഡി.എഫ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ മറ്റ് ജിഹാദി സംഘടനകളുമായി ‘എ.ഡി.എഫ്’ന് ബന്ധമുണ്ടെന്ന് ഐക്യരാഷ്ടസഭ സെക്രട്ടറി സെക്രട്ടറി അന്റോണിയോ ഗുട്ടറസ് സമ്മതിച്ചിരിന്നു. ലിബിയയിൽ നിന്നാരംഭിച്ച് സാഹേൽ മേഖല വഴി ലേക്ക് ചാഡിലേക്കും മൊസാംബിക്കിലേക്കും തീവ്രവാദി സംഘടനകൾ വ്യാപിച്ചിരിക്കുകയാണെന്നായിരിന്നു ആഫ്രിക്കൻ വാർത്താ മാധ്യമമായ ‘ആർ.എഫ്.ഐ’ക്ക് നൽകിയ അഭിമുഖത്തിൽ ഗുട്ടറസ് പ്രസ്താവിച്ചത്.
‘എ.ഡി.എഫ്’ന്റെ വ്യാപകവും, ആസൂത്രിതവും അങ്ങേയറ്റം ക്രൂരവുമായ മനുഷ്യാവകാശ ലംഘനങ്ങൾ, അവയുടെ സ്വഭാവവും വ്യാപ്തിയുമനുസരിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും, യുദ്ധക്കുറ്റങ്ങളുമായി പരിഗണിക്കപ്പെടാമെന്നു കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ജനസംഖ്യയുടെ 95 ശതമാനം വരുന്ന ക്രൈസ്തവ വിശ്വാസികൾ ദിനംപ്രതി കൂട്ടക്കൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ൻ ഓപ്പൺ ഡോഴ്സിന്റെ സബ്-സഹാരൻ ആഫ്രിക്കയിലെ മതസ്വാതന്ത്ര്യം-വിശ്വാസം എന്നിവയുടെ സീനിയർ അനലിസ്റ്റായ ഇല്ലിയ ഡ്ജാഡി മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരിന്നു.
“അവഗണിക്കപ്പെട്ട ദുരന്തം” എന്നാണ് ഈ കൂട്ടക്കൊലപാതകങ്ങളെ ഇല്ലിയ വിശേഷിപ്പിക്കുന്നത്. വടക്ക്-കിഴക്കൻ നൈജീരിയയിൽ ബൊക്കോഹറാം ചെയ്യുന്നതിന് സമാനമായ കാര്യങ്ങൾ തന്നെയാണ് എ.ഡി.എഫ് കോംഗോയിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇരു സംഘടനകളുടേയും ആശയങ്ങൾ, ഇസ്ലാമിക രാജ്യം സ്ഥാപിക്കുവാനുള്ള പദ്ധതിയും, പ്രവർത്തന രീതിയും ഒരുപോലെ തന്നെയാണ്. ‘മുസ്ലീം ഡിഫൻസ് ഇന്റർനാഷണൽ’ എന്നും അറിയപ്പെടുന്ന ‘എ.ഡി.എഫ്’ന് ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമില്ലെങ്കിലും എ.ഡി.എഫ് നടത്തിയ ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. നിരപരാധികളുടെ ജീവൻ രക്ഷിക്കുവാനും, മേഖലയിൽ സമാധാനം പുനസ്ഥാപിക്കുവാനും കഴിയുന്നതെല്ലാം ചെയ്യുവാൻ ദേശീയ നേതൃത്വത്തോടും, അന്താരാഷ്ട്ര സമൂഹത്തോടും ഓപ്പൺഡോഴ്സ് അഭ്യർത്ഥിച്ചു.