ഇറാനിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവ മതപീഡനം: യു എൻ റിപ്പോർട്ട്
ജനീവ: തീവ്ര മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായ മതപീഡനം നടക്കുന്നുണ്ടെന്ന കണ്ടെത്തലുമായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജനുവരി 10ന് മുന്‍പ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്ന നിബന്ധന, ഇറാന്‍ പാലിക്കാത്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭ പരസ്യമാക്കിയത്. ഇറാനിലെ ക്രൈസ്തവ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട വിശ്വാസികളെ, പ്രത്യേകിച്ച് ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തവരെ അടിച്ചമര്‍ത്തുന്നതിലുള്ള ആശങ്കകളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉള്ളത്. 24 ക്രൈസ്തവ വിശ്വാസികള്‍ വിശ്വാസത്തിന്റെ പേരില്‍ ഇറാനില്‍ ജയിലില്‍ കഴിയുകയോ കുറ്റാരോപണം നേരിടുകയോ ചെയ്യുന്നുണ്ടെന്നു യു.എന്‍ വിദഗ്ദരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവരുമായി ബന്ധപ്പെട്ട കേസുകളില്‍ ന്യായമായ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടുവെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. കൃത്രിമമായി കെട്ടിച്ചമച്ച കുറ്റങ്ങള്‍, കൃത്യമായ നടപടികളുടെ അഭാവം, നിയമപരമായ ഉപദ്രവം തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ക്രൈസ്തവരുടെ മേല്‍ ആരോപിക്കപ്പെട്ട ദേശസുരക്ഷക്കെതിരായ ഭീഷണി, രാഷ്ട്ര വിരുദ്ധ ആശയങ്ങള്‍വെച്ചു പുലര്‍ത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ വ്യാജമാണെന്നും യു.എന്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും നിഷേധിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രതികരണം.
റിപ്പോര്‍ട്ടില്‍ പറയുന്ന 24 ക്രിസ്ത്യാനികള്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നു എന്ന വ്യാജേന ഇസ്ലാമിക ഭരണകൂടത്തിനെതിരെയുള്ള ശത്രുതയാല്‍ രഹസ്യ കൂടിക്കാഴ്ചകളും, ആളുകളെ തെറ്റിദ്ധരിപ്പിക്കലും വഴി ഇവാഞ്ചലിക്കല്‍ സിയോണിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുകയാണെന്നാണ് ഇറാന്റെ ആക്ഷേപം. ക്രൈസ്തവര്‍ നേരിടേണ്ടി വന്ന ക്രൂര മര്‍ദ്ദനങ്ങളേയും, അപമാനങ്ങളേയും, തടവ് ശിക്ഷയേയും, മതകൂട്ടായ്മകള്‍ക്കെതിരെ നടത്തുന്ന പരിശോധനകളേയും, നീതിയുക്തമല്ലാത്ത ശിക്ഷകളേയും, ക്രൈസ്തവരുടെ സ്വത്ത് പിടിച്ചടക്കലിനേയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ മനുഷ്യാവകാശ ഹൈ കൗണ്‍സില്‍ നിഷേധിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരുടെ നില ദയനീയമാണ്. ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് ഇറാന്റെ മനുഷ്യാവകാശ മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ ആഴം വ്യക്തമാക്കുവാന്‍ സഹായകരമാണെന്നാണ് പൊതുവേ നിരീക്ഷിക്കുന്നത്. ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇറാന്‍.