ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേൽ. നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ട് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരു മാസം തികയുമ്പോഴേക്കും ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്നായിരുന്നു യോവ് ഗാലന്റ് പറഞ്ഞത്.
ഗാസയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഗാസയുടെ നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കൻ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പാലായനം ചെയ്യുകയാണ്. അവരുടെ ഭരണ കേന്ദ്രങ്ങൾ ജനം കയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ ഞങ്ങൾ വധിച്ചു.
ഹമാസിന്റെ മിസൈൽ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവർത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടുകഴിഞ്ഞുവെന്നും പ്രധാന ഇസ്രയേൽ ടെലിവിഷൻ ചാനലുകളിൽ പുറത്തുവന്ന വീഡോയയിൽ യോവ് പറയുന്നു. അതേസമയം ഇതിന്റെ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അടുത്തിടെ പുതുക്കിയ കണക്കുകൾ ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേരെ കൊല്ലുകയും 240-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു രക്തരൂക്ഷിതമായ ഇസ്രയേൽ- ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.