അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

0

റിയാദ്: സൗദി ജയിലിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരി​ഗണിച്ചപ്പോൾ സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അബ്ദുൽ റഹീമിന്റെ ഉമ്മയും ബന്ധുക്കളും സൗദിയിലെത്തി റഹീമിനെ നേരിൽ കണ്ടിരുന്നു. ഇന്ന് മോചന ഉത്തരവുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാലത് വിഫലമായി.കഴിഞ്ഞ ഒക്ടോബർ 21-നാണ് കോടതി ആദ്യം കേസ് പരി​ഗണിച്ചിരുന്നത്. ക്രൗഡ് ഫണ്ടിങ് വഴി കേരളം ഒന്നാകെ ചേർന്ന് സമാഹരിച്ച പണമാണ് അബ്ദുൽ റഹീമിൻ്റെ മോചനത്തിനുള്ള ബ്ലഡ് മണിയായി കൊടുത്തത്. കേസിൻ്റെ ഭാ​ഗമായി ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു.ഇതിന് പിന്നാലെ വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയിരുന്നു. കോടതി മോചന ഉത്തരവിൽ ഒപ്പ് വെച്ചാൽ റഹീമിന് 18 വർഷത്തെ ജയിൽ വാസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മ‌ടങ്ങാനാകും. 47 കോടി 87 ലക്ഷത്തി 65,347 രൂപയായിരുന്നു ക്രൗഡ് ഫണ്ടിങ്ങിലൂ‌‌ടെ സമാഹരിച്ചിരുന്നത്. സമാഹരിച്ച ഫണ്ടിൽ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ധാരണയായിട്ടുണ്ട്.

അബ്ദുൽ റഹീം തന്റെ 26ാം വയസ്സിൽ 2006-ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുൽ റഹ്മാന് അല് ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.ഇത് അനുസരിക്കാതിരുന്ന അബ്ദുൽ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ഉന്നതർ അടക്കമുള്ളവർ ഇടപെടൽ നടത്തിയെങ്കിലും കുടുംബം മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. നിരന്തരമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപ ദയാധനം എന്ന ഉപാധിയിൽ കുട്ടിയുടെ കുടുംബം മാപ്പു നൽകിയത്. ഇതിന് ശേഷം ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.

You might also like