‘1000 വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്ന് സാറുമാർക്ക് വാശി’; വീണ്ടും പിഴയിട്ട് എംവിഡി, പരിശോധന പൊലീസ് സന്നാഹത്തിൽ

0

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് റോബിനെ വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ മൈലപ്രയിൽ വച്ചാണ് വാഹനം തടഞ്ഞത്. പൊലീസ് സന്നാഹത്തോടെ സ്ഥലത്തെത്തിയ എംവിഡി ഉദ്യോഗസ്ഥർ 7500 രൂപ പിഴയടപ്പിച്ചു. പെർമിറ്റിന്റെ പേരിൽ ബസ് പരിശോധിക്കരുതെന്ന സുപ്രീംകോടതി നിർദ്ദേശമുണ്ടായിരുന്നു. ഇത് മറികടന്നാണ് എംവിഡി പരിശോധന.

സംഭവത്തെ കുറിച്ച് ‘റോബിൻ മോട്ടോഴ്സ്’ എന്ന ബസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു. ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്ന് സാറുമാർക്ക് വാശിയാണെന്നും എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കും എന്നതാണ് നമ്മുടെ തീരുമാനമെന്നും ഉടമ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

‘ഉറക്കമെന്നും സാറുമാർക്ക് ഒരു വിഷയമല്ല. യജമാനൻ കൽപ്പിച്ചാൽ പിന്നെ വേട്ടനായ്ക്കളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ട ഒരു വിഭാഗം ഉദ്യോഗസ്ഥർ. ഒരു ബെറ്റാലിയൻ വണ്ടികളും അതിനടുത്ത് എംവിഡി ഉദ്യോഗസ്ഥരും കോടതി വിധികൾ മറികടന്ന് അർദ്ധരാത്രി പത്തനംതിട്ടയിൽ വെച്ച് വണ്ടി ചെക്ക് ചെയ്ത്. ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്ന് സാറുമാർക്ക് വാശി. എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കും എന്നതാണ് നമ്മുടെ തീരുമാനം. അതിന് വേണ്ടി ഏതറ്റം വരെയും പോയിരിക്കും. ഒരു പകൽ മുഴുവൻ വണ്ടി റോഡിൽ ഉണ്ടായിട്ട് പരിശോധിക്കാൻ നിങ്ങൾക്ക് രാത്രിയുടെ മറ വേണ്ടി വന്നല്ലോ സാറെ’- റോബിൻ മോട്ടോഴ്സ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് ബസ് കസ്റ്റഡിയിലെടുത്തിരുന്നു. 10,000 രൂപ പിഴയടച്ച് ചൊവ്വാഴ്ച പുറത്തിറങ്ങിയ ബസ് യാത്രക്കാരെ കയറ്റിയാണ് പത്തനംതിട്ടയിലേക്ക് വന്നത്. വൈകിട്ട് 4.45ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടെങ്കിലും പത്തനംതിട്ടയിലെത്തിയത് ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ്. വഴിനീളെ ലഭിച്ച സ്വീകരണം മൂലമാണ് വൈകിയതെന്ന് ഡ്രൈവർ നിധീഷ് പറഞ്ഞു.

ഓൾ ഇന്ത്യ പെർമിറ്റുമായി സ്റ്റോപ്പുകളിൽ നിറുത്തി പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് റോബിൻ സർവീസ് നടത്തുന്നത്. എന്നാൽ കോൺട്രാക്ട് കാര്യേജ് ബസാണ് റോബിനെന്നും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ഇത്തരം ബസുകൾക്ക് ഡെസ്റ്റിനേഷൻ ബോർഡ് വയ്ക്കാനും ഇടയ്ക്ക് യാത്രക്കാരെ കയറ്റാനും അനുവാദമില്ലെന്നും പറഞ്ഞായിരുന്നു എംവിഡി നടപടി. പത്തനംതിട്ട കോയമ്പത്തൂർ എന്ന ബോർഡ് വച്ചായിരുന്നു സർവീസ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ ഓൾ ഇന്ത്യാ ടൂറിസ്റ്റ് സർവീസ് ചട്ടംപാലിച്ചാണ് സർവീസ് നടത്തുന്നതെന്ന് ബസുടമ ഗിരീഷ് പറഞ്ഞത്.

റോബിൻ ബസിനെതിരെ മുമ്പും നടപടി എടുത്തിരുന്നു. കുറവുകൾ പരിഹരിച്ച് ഹൈക്കോടതി സംരക്ഷണയോടെയാണ് വീണ്ടും സർവീസിനെത്തിച്ചത്. കസ്റ്റഡിയിലെടുക്കാൻ പാടില്ലെന്നും നിയമലംഘനത്തിന് പിഴയീടാക്കാമെന്നുമാണ് കോടതി ഉത്തരവ്. ഇതിനിടെ, റോബിൻ ബസിന് ബദലായി കെഎസ്ആർടിസി എസി ലോ ഫളോർ ബസ് പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തി. പുലർച്ചെ 4.30നാണ് സർവീസ്. റോബിൻ ബസിന്റെ സമയം അഞ്ചുമണി. ഈ റൂട്ടിൽ ആദ്യമായാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.

You might also like