വിവിധ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 17,463 വിദേശികളെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു.

0

റിയാദ്: വിവിധ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 17,463 വിദേശികളെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു. തൊഴിൽ നിയമലംഘനം, താമസ നിയമലംഘനം, അതിർത്തി സുരക്ഷ എന്നിവ ലംഘിച്ച പ്രവാസികളടക്കമുള്ളവരെയാണ് വിവിധ മേഖലകളിൽ നിന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. വിവിധ സുരക്ഷാ ഏജൻസികളുമായി ചേർന്ന് സംയുക്തമായാണ് ആഭ്യന്തരമന്ത്രാലയം റെയ്ഡ് നടത്തിയത്. നവംബർ 16 മുതൽ 22 വരെ നടത്തിയ റെയ്ഡിലാണ് ഇത്രയും പേർ അറസ്റ്റിലായത്.

അറസ്റ്റിലായവരിൽ 10,856 പേർ താമസ നിയമലംഘനത്തിനാണ് പിടിയിലായത്. 3934 പേർ അതിർത്തി സുരക്ഷ നിയമം ലഘിച്ചതിനും 2673 പേർ തൊഴിൽ നിയമം ലംഘിച്ചതിനുമാണ് അറസ്റ്റിലായത്. 774 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ 44 ശതമാനം പേരും യെമൻ സ്വദേശികളാണ്. 45 ശതമാനം പേർ എത്യോപ്യക്കാരും 11 ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

നിലവിൽ രാജ്യത്ത് 50,699 നിയമലംഘകരാണ് വിചാരണ നേരിടുന്നത്. ഇവരിൽ 44,091 പേർ പുരുഷന്മാരും 6,608 പേർ വനിതകളുമാണ്. ഇവരിൽ 44,651 പേരുടെ യാത്ര രേഖകൾക്ക് വേണ്ടി അവരുടെ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 1617 പേരുടെ യാത്ര സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. 10,197 പേരെ ഇതിനോടകം തന്നെ നാടുകടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് നിയമ ലംഘിച്ച് പ്രവേശിക്കുന്നവർക്കും കർശന മുന്നറിയിപ്പാണ് സൗദി ഭരണകൂടം നൽകുന്നത്.

You might also like