സലാം എയർ ഫുജൈറ–കരിപ്പുർ സർവീസ് 18 മുതൽ
ഫുജൈറ: ഫുജൈറ – തിരുവനന്തപുരം സർവീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സർവീസും ഉടൻ യാഥാർഥ്യമാകുമെന്ന് സലാം എയർ. ഈ മാസം 18 മുതൽ ഫുജൈറ – കരിപ്പൂർ സർവീസും തിരുവനന്തപുരം സർവീസ് ജനുവരി 10നും തുടങ്ങും. മസ്കത്ത് വഴി ആഴ്ചയിൽ രണ്ടു സർവീസാണുള്ളത്. രാത്രി വിമാനത്തിന് മസ്കത്തിലെ ഒന്നര മണിക്കൂർ ലേഓവർ ഉൾപ്പെടെ 6 മണിക്കൂറാണ് യാത്രാ സമയം. 18നു രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയിൽ നിന്ന് സർവീസുണ്ടാകും. രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂർ മസ്കത്തിൽ താമസമുണ്ട്. ഏത് സർവീസ് ഉപയോഗിച്ചാലും 19നു പുലർച്ചെ 3.20ന് കരിപ്പൂർ എത്തും. രാവിലെ 4.05ന് പുറപ്പെട്ട് 9.55ന് ഫുജൈറയിൽ മടങ്ങിയെത്തും. 18ന് കരിപ്പൂരിലേക്ക് 888 ദിർഹവും 20നു ഫുജൈറയിലേക്ക് 561 ദിർഹവുമാണ് നിരക്ക്.