ഇസ്രയേലി ആക്രമണത്തില്‍ ഇറാനിയൻ കമാൻഡര്‍ കൊല്ലപ്പെട്ടു

0

ടെഹ്റാൻ: ഇസ്രയേലി സേന സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിലെ വിപ്ലവഗാര്‍ഡിന്‍റെ മുതിര്‍ന്ന കമാൻഡര്‍ സയ്യദ് റാസി മൂസാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഡമാസ്കസിനു തെക്കുകിഴക്ക് സയ്യിദാ സൈനബിലായിരുന്നു ആക്രമണമെന്ന് ഇറാനിയൻ മാധ്യമങ്ങള്‍ അറിയിച്ചു. ഇസ്രയേല്‍ കനത്ത വില നല്കേണ്ടിവരുമെന്നു വിപ്ലവഗാര്‍ഡ് ഭീഷണി മുഴക്കി.

2020ല്‍ യുഎസ് വധിച്ച വിപ്ലവഗാര്‍ഡ് കമാൻഡര്‍ ഖാസ്വം സുലൈമാനിയുടെ സഹായി ആയിരുന്നു കൊല്ലപ്പെട്ട റാസി മൂസാവി. സിറിയയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ മൂസാവി സുപ്രധാന പങ്കുവഹിച്ചിരുന്നു.

സിറിയൻ അഭ്യന്തരയുദ്ധത്തില്‍ പ്രസിഡന്‍റ് അസാദ് വിജയിച്ചത് ഇറാന്‍റെയും റഷ്യയുടെയും പിന്തുണയോടെയാണ്. ഇറാനിയൻ സേന വര്‍ഷങ്ങളായി സിറിയയിലുണ്ട്. ഇറാനിയൻ സേനയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ കൂടെക്കൂടെ ആക്രമണം നടത്താറുണ്ട്. ഹമാസിനെതിരായ യുദ്ധം തുടങ്ങിയശേഷം ആക്രമണങ്ങളുടെ തോത് വര്‍ധിച്ചിട്ടുണ്ട്.

You might also like