കൊല്ലം-ചെങ്കോട്ട-ചെന്നൈ റെയില്‍ കോച്ചുകളുടെ എണ്ണം കൂട്ടും; ട്രയല്‍ റണ്‍ ജനുവരി 4 മുതല്‍ 18 വരെ

0

കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട-ചെന്നൈ റെയില്‍ പാതയില്‍ ഓടുന്ന ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ട്രയല്‍ ജനുവരി 4 മുതല്‍ 18 വരെ വിവിധ ഘട്ടങ്ങളായി നടത്താന്‍ ദക്ഷിണറെയില്‍വെ തീരുമാനം.

റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ന്റെ ലഖ്‌നൗവില്‍ നിന്നുള്ള വിദഗ്ധ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ട്രയല്‍ റണ്‍ നടത്തുന്നത്. പാതയില്‍ 23 കോച്ചുകള്‍ ഉള്ള ട്രെയിന്‍ റോക്ക് ഉപയോഗിച്ചാണ്  പരീക്ഷണ ഓട്ടം നടത്തുന്നത്. പശ്ചിമഘട്ടം വഴിയുള്ള റയില്‍പ്പാത ആയതിനാല്‍ നിലവില്‍ 14 കോച്ചുകള്‍ മാത്രമുള്ള ട്രെയിനുകളാണ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നത്. കേരളത്തിന്റെ തെക്കു ഭാഗങ്ങളില്‍ നിന്ന് ചെന്നെയിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാവുന്ന പഴയ മീറ്റര്‍ ഗേജ് പാത വാജ്‌പേയ് സര്‍ക്കാര്‍ കാലത്തു നിര്‍മാണം ആരംഭിച്ചു. 2018ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു ബ്രോഡ്‌ഗേജ് ആക്കിയശേഷം വൈദ്യുതികരണവും നടത്തി.

ഇതുവഴി ഓടുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണവും വേഗവും കൂട്ടണമെന്ന് ജനപ്രതിനിധികളും കൊല്ലം-ചെങ്കോട്ട റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും നിരന്തരം ആവശ്യപ്പെട്ടു വന്നിരുന്നതാണ്. റയില്‍വെ സാങ്കേതിക വിദഗ്ധ സംഘത്തിന്റെ പരിശോധനയ്‌ക്കും പരീക്ഷണ ഓട്ടങ്ങള്‍ക്കും ശേഷം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോച്ചുകള്‍ കൂട്ടുന്നതിനുള്ള അനുമതി ലഭിക്കുക.

പാതയില്‍ നടന്നു വരുന്ന വൈദ്യുതീകരണ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 2024 ആദ്യം തന്നെ വൈദ്യുതീകരണം പൂര്‍ണമാക്കി ഇലക്ര്ടിക് എഞ്ചിനുകള്‍ ഘടിപ്പിച്ച ട്രയിന്‍ സര്‍വീസ് നടത്തുന്നതോടെ പാതയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. വിനോദ സഞ്ചാര മേഖല ലക്ഷ്യമിട്ട് വിസ്റ്റാഡം കോച്ചുകളും ഉള്‍പ്പെടുത്തും.
You might also like