മാലിന്യ ബലൂണ്‍ വിക്ഷേപിച്ച്‌ ഉത്തരകൊറിയ; വീണത് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍

0

ദക്ഷിണകൊറിയ ലക്ഷ്യമിട്ട് വീണ്ടും മാലിന്യ ബലൂണ്‍ വിക്ഷേപിച്ച്‌ ഉത്തരകൊറിയ. ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് ഇക്കുറി മാലിന്യ ബലൂണ്‍ ചെന്ന് വീണത്. മാസങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഉണ്ടാവുന്നത്. മാലിന്യ ബലൂണ്‍ വീണ വിവരം ദക്ഷിണകൊറിയൻ പ്രസിഡൻഷ്യല്‍ സുരക്ഷാസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൊറിയൻ അതിർത്തിയില്‍ നിന്നാണ് ബലൂണ്‍ വന്നത്. സിയോളിലെ യോങ്സാൻ ജില്ലയിലാണ് സംഭവമുണ്ടായത്. അപകടകരമായ വസ്തുക്കളൊന്നും ബലൂണില്‍ ഉണ്ടായിരുന്നില്ലെന്നും മാലിന്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ദക്ഷിണകൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് യൂണ്‍ സുക് യോളിനും ഭാര്യക്കുമെതിരായ ലീഫ്ലെറ്റുകളും ബലൂണില്‍ ഉണ്ടായിരുന്നു. നേരത്തെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ദക്ഷിണകൊറിയയില്‍ നിന്നും വന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തുവെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ എത്തിയത്. ഈ മാസം മൂന്ന് തവണ പ്യോങ്‌യാങ്ങില്‍ പ്രചാരണ ലഘുലേഖകള്‍ ഡ്രോണുകള്‍ വഴി അയച്ചതായി ദക്ഷിണ കൊറിയയെ ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു. വീണ്ടും സംഭവിച്ചാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന‌ു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡ്രോണുകള്‍ അയച്ചോ ഇല്ലയോ എന്നു ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ല.

You might also like