വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു

0

ചാലക്കുടി: വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു. കൊരട്ടി എൽ.എഫ്.സി.ജി എച്ച്.എസ് സ്‌കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപികയും അങ്കമാലി വാപാലശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബിന്റെ ഭാര്യയുമായ രമ്യ ജോസ്(41) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥികളുടെ യാത്രയയപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ അദ്ധ്യാപിക കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

‘അവസാനമായി എനിക്കിതാണ് പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവർ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല. ശരിയും തെറ്റും നിങ്ങൾ തന്നെ കണ്ടെത്തണം. ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കണ്ണുനീർ വീഴ്‌ത്താൻ ഇടവരുത്തരുത്’-പ്രസംഗത്തിനിടെ രമ്യ പറഞ്ഞ അവസാന വാക്കുകളാണിത്.

കഴിഞ്ഞവർഷം സ്‌കൂൾ വാർഷികാഘോഷത്തിനിടെ സമാനമായ രീതിയിൽ രമ്യ കുഴഞ്ഞുവീണിരുന്നു. അന്ന് നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. പതിനാറ് വർഷമായി കൊരട്ടി എൽ.എഫ്.സി.ജി എച്ച്.എസ് സ്‌കൂളിൽ പ്ളസ് ടു കണക്ക് അദ്ധ്യാപികയാണ് രമ്യ.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1ന് സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് നെടുമ്പാശേരി അകപറമ്പ് ഗർവാസിസ് പ്രൊർത്താസിസ് ദേവാലയത്തിൽ. ഹൈക്കോടതി അഭിഭാഷകനായ മരട് ചൊവ്വാറ്റുകുന്നേൽ ജോസിന്റെയും മേരിയുടെയും മകളാണ് രമ്യ. മക്കൾ: നേഹ, നോറ.

You might also like