പാപ്പാ : ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടത്

0

എല്ലാ ഭൂഖണ്ഡങ്ങളിലേയും സംഘർഷങ്ങൾ ഓരോന്നോരോന്നായി നിരത്തിയ ഫ്രാൻസിസ് പാപ്പാ എല്ലാ ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദങ്ങളെയും അപലപിച്ചു കൊണ്ട് ജനതകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കേണ്ട രീതി അതെല്ല എന്ന് ഊന്നിപ്പറഞ്ഞു. ഇസ്രായേൽ – പാലസ്തീന, ലബനോൻ, മ്യാന്മർ, റഷ്യാ-യുക്രെയ്ൻ, അർമേനിയ – അസെർബജാൻ, ആഫ്രിക്കൻ നാടുകളിലെ ടിഗ്രെ, എത്തിയോപ്പിയ, സുഡാൻ, കാമറൂൺ, മൊസാംബിക്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക് അമേരിക്കൻ ഭൂഖണ്ഡത്തിലെ വെനിസ്വല, ഗയാനാ, പെറു, നിക്കാരഗ്വ തുടങ്ങിയ ഇടങ്ങളിലെ സംഘർഷങ്ങൾ എല്ലാം തന്നെ പാപ്പാ എടുത്തു പറഞ്ഞവയിൽ ഉൾപ്പെടുന്നു.

ഗാസയിൽ വെടിനിറുത്തലിനും, തടവുകാരുടെ മോചനത്തിനും ആവശ്യപ്പെട്ട പാപ്പാ ഇസ്രായേൽ – പാലസ്തീൻ സംഘർഷത്തിൽ ദ്വിരാജ്യ പരിഹാരവും ജെറുസലേം നഗരത്തിന്  പ്രത്യേക പദവിയും നൽകിക്കൊണ്ട് ഇരു രാജ്യങ്ങളും സമാധാനത്തിലും സുരക്ഷതയിലും ജീവിക്കാൻ അന്തർദേശീയ സമൂഹം മുന്നോട്ടു വരണമെന്ന്  പാപ്പാ ആവശ്യപ്പെട്ടു.

സാധാരണ പൗരന്മാർ യുദ്ധത്തിന്റെ ഇരകളാകുന്നത് “യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കരുത് കൂടുതൽ കൂടുതൽ ഛിന്നഭിന്നമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകമാണ് നാം കാണുന്നതെന്നും ആധുനിക യുദ്ധങ്ങൾ കൃത്യമായി നിർവ്വചിച്ച യുദ്ധക്കളങ്ങളോ സൈനീകരെ മാത്രമോ അല്ല ലക്ഷ്യം വയ്ക്കുന്നതെന്നും അതിനേക്കാൾ ഏറെ നമുക്കാർക്കും അറിയാത്തത്ര ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സാധാരണ ജനങ്ങളെയാണ് അവഗണിക്കുകയും ബാധിക്കുകയും ചെയ്യുന്നതെന്നും പാപ്പാ  ചൂണ്ടിക്കാണിച്ചു. അന്തർദ്ദേശിയ മാനുഷിക നിയമങ്ങളുടെ ലംഘനങ്ങൾ യുദ്ധ കുറ്റകൃത്യങ്ങളാണ്, അത് ചൂണ്ടിക്കാണിക്കുക മാത്രമല്ല തടയുകയും വേണം. സാധാരണ പൗരന്മാർ യുദ്ധങ്ങളുടെ ഇരകളാകുന്നത് “ഒരു യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കാനാവില്ല.  അതിനാൽ അന്തർദേശിക സമൂഹം ഇടപെടണമെന്ന് പാപ്പാ അടിവരയിട്ടു. യുദ്ധം ഒരു വലിയ ദുരന്തവും, ഒരു പ്രയോജനവുമില്ലാത്ത കശാപ്പുമാണ്  എന്ന് ബനഡിക്ട് പതിനാറമനെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ അപലപിച്ചു.

യുദ്ധങ്ങളും ആയുധങ്ങളുമായുള്ള ബന്ധം അടിവരയിട്ടു കൊണ്ട് നിരായുധീകരണത്തിനായുള്ള നയരൂപീകരണത്തിന്റെ ആവശ്യകതയും പാപ്പായുടെ സന്ദേശത്തിന്റെ മുഖ്യധാരയിൽ തെളിഞ്ഞു വന്നു. ആയുധങ്ങളുടെ ലഭ്യത അതിന്റെ ഉപയോഗവും നിർമ്മാണവും പ്രോൽസാഹിപ്പിക്കും, അത് സംശയങ്ങളുണ്ടാക്കുകയും നിക്ഷേപങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യും. ആയുധ നിർമ്മാണങ്ങൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ വഴി എത്രയോ ജീവിതങ്ങളെ രക്ഷിക്കാനാവുമെന്നും അവ എന്തുകൊണ്ട് ആഗോള സുരക്ഷയ്ക്കായി വിനിയോഗിക്കാനാവുന്നില്ല എന്നും പാപ്പാ ചോദിച്ചു. ഇക്കാലത്തിന്റെ പ്രതിസന്ധികളായ  ആഹാരം, പരിസ്ഥിതി, സാമ്പത്തികം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് അതിരുകളില്ല. അതിനാൽ പട്ടിണി നിവാരണത്തിനായി ഒരു ഭൂഗോള ഫണ്ട് രൂപീകരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

You might also like