മലങ്കര മാര്‍ത്തോമ സഭയുടെ സിനഡ് പ്രതിനിധി സംഘം വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് പ്രതിനിധികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വത്തിക്കാനിലെ പേപ്പല്‍ വസതിയിലെത്തിയ സംഘത്തെ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ എക്യൂമെനിക്കല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിസ് പാപ്പയാണ് സിനഡ് അംഗങ്ങളെ വത്തിക്കാനിലേക്ക് ക്ഷണിച്ചത്. റോമന്‍ സഭയുമായി മാര്‍ത്തോമാ സഭ പുലര്‍ത്തുന്ന ബന്ധത്തിനും സമാധാന സൗഹൃദങ്ങള്‍ക്കും നന്ദി പറഞ്ഞ പാപ്പ ഐക്യവും പ്രേഷിത പ്രവര്‍ത്തനങ്ങളും യോജിച്ചു നടത്തുവാനുള്ള ആഹ്വാനവും നല്‍കി.
സഭയുടെ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദേഹത്തിന് തന്റെ ആശംസകള്‍ കൈമാറണമെന്നും പാപ്പാ സന്ദേശത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. ‘അവര്‍ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വന്ന് മേശയ്ക്കരികില്‍ ഇരിക്കും’ എന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവിന്റെ കുര്‍ബാനയില്‍ നമുക്ക് ഒരുമിച്ചു പങ്കെടുക്കുവാന്‍ കഴിയുന്ന ദിവസം ത്വരിതപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റിയെ കുറിച്ച് നടത്തിയ സിനഡിനെയും മാര്‍ത്തോമ സഭ വച്ചുപുലര്‍ത്തുന്ന സിനഡല്‍ പാരമ്പര്യത്തെയും പാപ്പാ പരാമര്‍ശിച്ചു