ലക്ഷദ്വീപിനെ വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നു
ന്യൂദല്‍ഹി: ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലക്ഷദ്വീപില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വാണിജ്യ യുദ്ധവിമാനങ്ങളുടെ സേവനം സാധ്യമാകുന്ന മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനാണ് ഇന്ത്യയുടെ പദ്ധതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ അന്താരാഷ്‌ട്രതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ് ലക്ഷദ്വീപ്. അതിന് പിന്നാലെയാണ് മിനിക്കോയ് വിമാനത്താവളം വരുന്ന വാര്‍ത്ത ശക്തമാകുന്നത്.
ഇപ്പോള്‍ ലക്ഷദ്വീപില്‍ അഗത്തിയില്‍ മാത്രമേ ഒരു എയര്‍ സ്ട്രിപ്പുള്ളൂ. ഇവിടെ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ എല്ലാ വിഭാഗങ്ങളിലും പെട്ട വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ല. അതിനാലാണ് ടൂറിസം വളര്‍ച്ചയും പ്രതിരോധാവശ്യങ്ങള്‍ക്കുമായി ഒരു വലിയ വിമാനത്താവളം ആസൂത്രണം ചെയ്യുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ലക്ഷദ്വീപ്. പ്രത്യേകിച്ചും അന്താരാഷ്‌ട്ര തലത്തില്‍ ചൈനയുമായി ഒരു ശീതയുദ്ധം നടന്നുവരുമ്പോള്‍ ലക്ഷദ്വീപിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലും നിരീക്ഷണം നടത്താവുന്ന സൈനിക താവളം എന്ന നിലയില്‍ കൂടി ഉപയോഗിക്കുന്ന തരത്തിലായിരിക്കും ഈ വിമാനത്താവളത്തിന്റെ നിര്‍മ്മാണം. യുദ്ധവിമാനം ഉള്‍പ്പെടെയുള്ള സൈനികവിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലുണ്ടാകും. സൈനിക, വാണിജ്യ, വ്യോമഗതാഗതം സാധ്യമാകുന്ന വിമാനത്താവളമായിരിക്കും ഇത്.
നേരത്തെ മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഈയിടെയാണ് സൈനിക ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന വിധം വ്യോമത്താവളം നിര്‍മ്മിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. യുദ്ധവിമാനങ്ങള്‍, സൈനികാവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ വഹിക്കാവുന്ന വിമാനങ്ങള്‍, യാത്രാവിമാനങ്ങള്‍ എന്നിവ മൂന്നും വന്നുപോകാവുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന വിമാനത്താവളമാണ് നിര്‍മ്മിക്കുക.
നേരത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മിനിക്കോയ് ദ്വീപില്‍ ഒരു വിമാനത്താവളത്തിന്റെ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേനയ്‌ക്കായിരിക്കും ഈ വിമാനത്താവളത്തിന്റെ നടത്തിപ്പ്, നിയന്ത്രണച്ചുമതല. മിനിക്കോയ് വിമാനത്താവളം പ്രതിരോധ സേനയ്‌ക്കും വിനോദസഞ്ചാരത്തിനും ഉത്തേജനം നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.