നിക്കരാഗ്വയിൽ തടവിലായിരുന്ന മെത്രാന്മാരും വൈദികരും വിമോചിതരായി!
മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ അറസ്റ്റുചെയ്യപ്പെട്ടിരുന്ന റൊളാന്തൊ ആൽവരെസ്, ഇസിദോറൊ കാർമെൻ മോറ എന്നീ മെത്രാന്മാരെയും ഏതാനും വൈദികരെയും വൈദികാർത്ഥികളെയും സർക്കാർ വിട്ടയച്ചു.
വിട്ടയക്കപ്പെട്ട മെത്രാന്മാരിൽ മത്തഗാൽപ രൂപതയുടെ അദ്ധ്യക്ഷൻ റൊളാന്തൊ ആൽവരെസ് 2022-ൽ വീട്ടുതടങ്കലിലാകുകയും പിന്നീട് 26 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് 2023 ഫെബ്രുവരി മുതൽ കാരഗൃഹത്തിലായിരുന്നു.
മോചിതനായ സിയൂന രൂപതയുടെ മെത്രാൻ ഇസിദോറൊ ദെൽ കാർമെൻ മോറ ഒർത്തേഗയെ 2023 ഡിസംബർ 20-നാണ് അറസ്റ്റുചെയ്യപ്പെട്ടത്.
ഇക്കഴിഞ്ഞ ഡിസംബർ 31-ന് ഹിനത്തേഗ രൂപതയിൽപ്പെട്ട ഗുസ്താവൊ സന്തീനൊ എന്ന കത്തോലിക്കാ വൈദികനെയും 29-ന് രാത്രി നിക്കരാഗ്വയിലെ മനാഗ്വ അതിരൂപതയിൽപ്പെട്ട 6 വൈദികരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരുൾപ്പടെ മോചിതരായ വൈദികരുടെ എണ്ണം 15 ആണ്. വിട്ടയയ്ക്കപ്പെട്ട സെമിനാരിക്കാർ രണ്ടുപേരാണ്.
നിക്കരാഗ്വയിൽ സഭാശുശ്രൂഷകരെ അറസ്റ്റുചെയ്യുന്നതിൽ പാപ്പാ തൻറെ ആശങ്ക അറിയിക്കുകയും അറസ്റ്റുചെയ്യപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും അന്നാട്ടിലെ ആകമാന സഭയോടും പ്രാർത്ഥനയിലുള്ള തൻറെ സാമീപ്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.