യു.എസിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നു വീണു
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നു വീണു. യു.എസ് സമയം 6:30ന് രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജനവാസമേഖലയിൽ തകർന്നു വീണത്. വടക്ക് കിഴക്ക് ഫിലാഡൽഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപമാണ് അപകടം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൻ നാഷണൽ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനം. അപകടത്തെ കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്.എ.എ) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ.ടി.എസ്.ബി) അന്വേഷിക്കും.
റൂസ്‌വെൽറ്റ് മാളിന് എതിർവശത്തെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ കോട്ട്‌മാൻ, ബസ്റ്റൽട്ടൺ അവന്യൂസിന് സമീപമാണ് പ്രധാന സംഭവം. റൂസ്‌വെൽറ്റ് ബൊളിവാർഡ് അടക്കമുള്ള പ്രദേശങ്ങളിൽ റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിമാനം തകർന്നു വീണതിന് പിന്നാലെ വാഹനങ്ങൾക്ക് തീ പിടിച്ചിരുന്നു. അപകടത്തെ കുറിച്ച് ഫിലാഡൽഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്രിയോ അറിയിച്ചു.