ഇസ്രയേല്‍-ലബനന്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; ഇരു രാഷ്ട്രത്തലവന്‍മാരുടേയും കൂടിക്കാഴ്ച ഉടന്‍

0

വാഷിങ്ടണ്‍: ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു നിര്‍ണായക പ്രഖ്യാപനം. അമേരിക്കയിലെ ഇസ്രയേല്‍-ലബനന്‍ അംബാസഡര്‍മാര്‍ തമ്മില്‍ ഒരാഴ്ചയ്ക്കിടെ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിതെന്നും ചര്‍ച്ചകള്‍ വളരെ ശുഭകരമാണെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രയേല്‍ രൂപീകൃതമായത് മുതല്‍ ഔദ്യോഗികമായി യുദ്ധം തുടരുന്ന അയല്‍രാജ്യങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ആദ്യ നേരിട്ടുള്ള നയതന്ത്ര ചര്‍ച്ചകളാണിതെന്നത് വലിയൊരു മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഹിസ്ബുള്ളയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ ലബനനെ അമേരിക്ക സഹായിക്കും. വരും ആഴ്ചകളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലബനന്‍ പ്രസിഡന്റ് ജോസഫ് ഔനും വാഷിങ്ടണിലെത്തി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ട്രംപ് പറഞ്ഞു. അവര്‍ അയല്‍ക്കാരാണ്, നല്ല മനുഷ്യരാണ്. എന്നാല്‍ ഇതുവരെ തമ്മില്‍ കണ്ടിട്ടില്ല. ആ കൂടിക്കാഴ്ച വൈകാതെ ഇവിടെ വെച്ച് നടന്നേക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ഇസ്രയേലിന് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും ട്രംപ് ഓര്‍മിപ്പിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്രയേലും ലബനനും തമ്മില്‍ ഉടന്‍ തന്നെ ഔദ്യോഗിക സമാധാന കരാര്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ അംബാസഡര്‍ യെഹിയല്‍ ലെറ്റര്‍ പറഞ്ഞു. ലബനന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ ലബനന്‍ അംബാസഡര്‍ നാദ ഹമദ മൊവാദ്, അമേരിക്കയുടെ സഹായത്തോടെ ലബനനെ വീണ്ടും മഹത്തരമാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഈ ചര്‍ച്ചകള്‍ക്ക് എതിരാണ്. കഴിഞ്ഞ വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇരുപക്ഷത്തുനിന്നും ഇതിനോടകം ലംഘനങ്ങളുണ്ടായിട്ടുണ്ട്. തങ്ങള്‍ ഈ നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമല്ലെന്നും കരാറുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരല്ലെന്നുമാണ് ഹിസ്ബുള്ളയുടെ നിലപാട്. ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിന് നേരെ റോക്കറ്റുകള്‍ തൊടുത്തുവിട്ടതോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായാണ് ഇസ്രയേല്‍ ലബനനില്‍ ശക്തമായ ബോംബാക്രമണവും കരയുദ്ധവും ആരംഭിച്ചത്

You might also like