കേന്ദ്ര ബജറ്റ് വരാനിരിക്കെ വന്‍ പ്രതീക്ഷയില്‍ കേരളം
തിരുവനന്തപുരം : കേന്ദ്ര ബജറ്റ് വരാനിരിക്കെ വന്‍ പ്രതീക്ഷയില്‍ കേരളം. വിഴിഞ്ഞം തുറമുഖ തുടര്‍ വികസനത്തിന് 5,000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് 2,000 കോടിയുടെ പ്രത്യേക പാക്കേജ്, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നില്‍ കേരളം ഉന്നയിച്ചിരിക്കുന്നത്.
ജി എസ് ടി നഷ്ട പരിഹാരം തുടരണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. കേന്ദ്ര സ്‌ക്രാപ്പ് പോളിസിക്ക് പകരം സര്‍ക്കാര്‍ വാഹനങ്ങള്‍ക്കായി 800 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ 4,500 കോടി തുടങ്ങിയവയും കേരളത്തിന്റെ ആവശ്യങ്ങളാണ്. തീരദേശ ശോഷണം നേരിടാന്‍ 2,329 കോടി രൂപ അനുവദിക്കണമെന്നും കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. വര്‍ഷങ്ങളായി കേരളം കാത്തിരിക്കുന്ന എയിംസ് അടക്കുമുള്ള ആവശ്യങ്ങള്‍ വേറെയുമുണ്ട്. കേന്ദ്ര അവഗണനക്കെതിരായ മുറവിളി ശക്തമായിരിക്കെയാണ് ബജറ്റില്‍ പ്രതീക്ഷയുമായി കേരളം മുന്നോട്ടു പോകുന്നത്.
കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടെക്കികള്‍ കാണുന്നത്. എ ഐയ്ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇത്തവണ കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ടെക്കികള്‍. വ്യവസായ വികസന രംഗത്തെ കേരളത്തിന്റെ പ്രതിച്ഛായക്ക് അനുകൂലമായ പ്രഖ്യാപനങ്ങളും കേരളം പ്രതീക്ഷിക്കുന്നു.
ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.