ഇറാനില്‍ 90 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ്

വാഷിംഗ്ടണ്‍: കെര്‍മനില്‍ 90 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് മുമ്പ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക അറിയിച്ചു. ജനുവരി മൂന്നിന് നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. 2020ല്‍ ഇറാഖില്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം നടന്ന അനുസ്മരണ ചടങ്ങിനിടെയാണ് സ്‌ഫോടനം നടന്നത്.
ഐ എസ് ആക്രമണത്തിന് മുമ്പ് ‘ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന് യു എസ് സര്‍ക്കാര്‍ ഇറാന് സ്വകാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നു’വെന്ന് ഒരു യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
യു എസ് ഗവണ്‍മെന്റ് ദീര്‍ഘകാലമായി ‘മുന്നറിയിപ്പ് നല്‍കാനുള്ള കടമ’ നയമാണ് പിന്തുടരുന്നതെന്നും ഭീകരാക്രമണങ്ങളില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് കാണാന്‍ തങ്ങള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് മുന്നറിയിപ്പുകള്‍ ഭാഗികമായി നല്‍കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.