ടർക്കിഷ് എയർലൈന് ദുബൈ 10 വിമാനങ്ങൾ നൽകും
ദുബൈ : ടർക്കിഷ് എയർലൈന് ദുബൈ എയ്റോസ്പേസ് എന്റർപ്രൈസസ് (ഡി.എ.ഇ) 10 പുതിയ വിമാനങ്ങൾ കൈമാറും. ഇതു സംബന്ധിച്ച കരാറിൽ ഇരു കൂട്ടരും ഒപ്പുവെച്ചു. ബോയിങ് 737-8 എയർക്രാഫ്റ്റുകളാണ് കൈമാറുക. ദീർഘകാലത്തേക്ക് പാട്ടം വ്യവസ്ഥയിലാണ് കൈമാറ്റം. 2025ൽ വിമാനം നൽകാനാണ് തീരുമാനം. ദീർഘകാലമായി ടർക്കിഷ് എയർലൈനുമായി സുദൃഢമായ ബന്ധമാണ് ദുബൈ എയ്റോസ്പേസ് എന്റർപ്രൈസസ് കാത്തുസൂക്ഷിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫിറോസ് താരപോർ പറഞ്ഞു. ടർക്കിഷ് എയർലൈനിന്റെ വ്യോമ ഗതാഗത മേഖലയിലെ വർധിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ധന കാര്യക്ഷമതയുള്ള പുതിയ സാങ്കേതികവിദ്യകൾ അടങ്ങിയ വിമാനങ്ങൾ നൽകുന്നതു വഴി ബന്ധം കൂടുതൽ ആഴത്തിലുള്ളതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.