കോംഗോയിൽ ദൈവാലയത്തിനുനേരെ ആക്രമണം: ക്രൈസ്തവർ ഉൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടു
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ബേതിയിൽ ഒരു പെന്തക്കോസ്ത് ദൈവാലയം ഉൾപ്പെടെയുള്ള ഇടങ്ങളിൽ അക്രമികൾ നടത്തിയ സായുധാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവരാണ് ഇവരിൽ അഞ്ചുപേർ. 30 പേരെ അക്രമികൾ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയി.
ഇസ്ലാമിക് സ്റ്റേറ്റ് (ISIS) തീവ്രവാദസംഘടനയുമായി ബന്ധമുള്ള ജനാധിപത്യ സഖ്യശക്തികൾ (ADF) എന്ന സംഘം ജനുവരി 30-നാണ് വലിയ ആക്രമണം നടത്തിയത്. ബേതിയിലെ ഗ്രാമങ്ങളിലും ചുറ്റുപാടുകളിലും സായുധസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബ്രഹ്മണിസ്റ് എന്ന പെന്തക്കോസ്ത് സമൂഹത്തിൽപെട്ട വിശ്വാസികൾ പ്രാർഥിച്ചുകൊണ്ടിരുന്ന ദൈവാലയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾ നടന്ന ഒയിച്ച പ്രദേശത്തെ മേയർ നിക്കോളാസ് കിക്കുകുവാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
കിഴക്കൻ കോംഗോയിൽ നടന്ന ഈ ആക്രമണങ്ങളിൽ ഏതാണ്ട് മുപ്പതുപേരെ അക്രമിസംഘം ബന്ദികളാക്കി കൊണ്ടുപോയതായും പ്രാദേശികമാധ്യമങ്ങൾ വ്യക്തമാക്കി. അതേസമയം ജനുവരി 27 ശനിയാഴ്ച, രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്തുനടന്ന സമാനമായ മറ്റൊരു ആക്രമണത്തിൽ ദൈവാലയത്തിനുള്ളിൽവച്ച് തലയറുക്കപ്പെട്ട അഞ്ച് ക്രൈസ്തവരുൾപ്പെടെ 32 പേരെ ജനാധിപത്യ സഖ്യശക്തികൾ എന്ന സംഘടനയുമായി ബന്ധപ്പെട്ടതെന്നു കരുതുന്ന സായുധസംഘത്തിലെ പ്രവർത്തകർ കൊലചെയ്തതായി ഫീദെസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.