രണ്ട് ബന്ദികളെ രക്ഷിച്ച് ഇസ്രയേൽ ; വ്യോമാക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടു

0

ടെൽ അവീവ് : ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ നടത്തിയ പ്രത്യേക സൈനിക ദൗത്യത്തിലൂടെ രക്ഷപെടുത്തി ഇസ്രയേൽ. ഒക്ടോബർ 7ന് ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ അർജന്റീന വംശജരായ ഫെർനാൻഡോ സൈമൺ ( 60 ), ലൂയിസ് ഹാരെ ( 70 ) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ടെൽ ഹഷോമറിലെ ആശുപത്രിയിലെത്തിച്ച ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 100ലേറെ ബന്ദികൾ നിലവിൽ ഗാസയിൽ ജീവനോടെയുണ്ടെന്ന് കരുതുന്നു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ 1.49നാണ് റാഫയിൽ ഇസ്രയേൽ ദൗത്യമാരാംഭിച്ചത്. മിനിറ്റുകൾക്കുള്ളിൽ ശക്തമായ വ്യോമാക്രമണങ്ങളുണ്ടായി.

ഒരു മണിക്കൂറിലേറെ നീണ്ട വ്യോമാക്രമണങ്ങൾക്കിടെ റാഫയിൽ കുട്ടികളടക്കം 67 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് പറയുന്നു. നിരവധി കെട്ടിടങ്ങളും രണ്ട് പള്ളികളും തകർന്നു. ഇസ്രയേൽ സൈന്യവും ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും പൊലീസ് യൂണിറ്റും സംയുക്തമായാണ് ബന്ദികളെ രക്ഷപെടുത്തിയത്. നഗര മദ്ധ്യത്തിലെ ഒരു അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലാണ് ഇരുവരുമുണ്ടായിരുന്നത്. ഇവിടേക്ക് കടന്നുകയറിയ ഇസ്രയേൽ കമാൻഡോകൾ ഹമാസ് അംഗങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്തു.

You might also like