ഗസ്സയിലെ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയെന്ന് അമേരിക്ക

0

ലക്ഷങ്ങൾ അഭയാർഥികളായി കഴിയുന്ന റഫയിൽ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിനു പിന്നാലെ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ കൈറോയിൽ നടക്കുന്ന ചർച്ചയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, ഖത്തർ പ്രധാനമന്ത്രി, സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് എന്നിവർ ചൊവ്വാഴ്ച കെയ്‌റോയിൽ വെടിനിർത്തൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഒന്നര മാസത്തെ വെടിനിർത്തലെന്ന യു.എസ് നിർദേശം അംഗീകരിക്കുമെങ്കിലും ബന്ദികൾക്കു പകരം കൂടുതൽ തടവുകാരെ വിട്ടയക്കാൻ പറ്റില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
അറബ് രാജ്യങ്ങൾ വെടിനിർത്തലിനായി വലിയ സമ്മർദം ചെലുത്തുന്നുണ്ട്. അമേരിക്കയിലെത്തിയ ജോർദാൻ രാജാവും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഈജിപ്തിലെത്തുന്ന മൊസാദ് തലവൻ സി.ഐ.എ ഡയറക്ടറുമായി തുടർ ചർച്ചകൾ നടത്തും.

ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ഭിന്നതകൾ അവസാനിപ്പിച്ച് ഗസ്സ വിഷയം ചർച്ചചെയ്യാൻ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഈജിപ്തിലെത്തി. ദുബൈയിൽനിന്ന് പ്രഥമ വനിത അമിൻ ഉർദുഗാനൊപ്പം കൈറോ വിമാനത്താവളത്തിലെത്തിയ തുർക്കിയ പ്രസിഡന്റിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി സ്വീകരിച്ചു.

You might also like