സുഡാനില്‍ നിന്ന് രക്ഷ തേടി ഈജിപ്റ്റിലേക്ക് പലായനം ചെയ്ത് സിറിയന്‍ ക്രിസ്ത്യാനികള്‍; ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു
ഖാര്‍ത്തും: വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ സുഡാനില്‍ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഈജിപ്റ്റിലേക്ക് പലായനം ചെയ്ത് രാജ്യത്തെ സിറിയന്‍ ക്രിസ്ത്യാനികള്‍. രാജ്യതലസ്ഥാനമായ ഖാര്‍ത്തുമിലാണ് സുഡാനീസ് ആംഡ് ഫോഴ്‌സസും (എസ്.എ.എഫ്), അര്‍ധ സൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍.എസ്.എഫ്) തമ്മില്‍ കനത്ത പോരാട്ടം നടക്കുന്നത്. മലയാളി അടക്കം നിരവധി ആളുകള്‍ കൊല്ലപ്പെട്ട സുഡാനില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ന്യൂനപക്ഷ വിഭാഗമായ സിറിയന്‍ ക്രിസ്ത്യാനികള്‍.
ഓസ്ട്രേലിയയിലെ സുഡാനീസ് സിറിയന്‍ ക്രിസ്ത്യന്‍ സോഷ്യല്‍ കമ്മ്യൂണിറ്റി എന്ന സംഘടനയാണ് പലായനം ചെയ്യുന്നവരെ കെയ്റോയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
സായുധ സേനയുടെ തലവന്‍ ജനറല്‍ അബ്ദല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് എന്നറിയപ്പെടുന്ന അര്‍ധ സൈനിക വിഭാഗത്തിന്റെ തലവന്‍ ലെഫ്. ജനറല്‍ മുഹമ്മദ് ഹമദ് ദഗാലോയും തമ്മിലുള്ള അധികാര വടംവലിയാണ് സുഡാന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കലാപമായി മാറിയത്. സംഘര്‍ഷത്തില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആറ് ദശലക്ഷം പേര്‍ പലായനം ചെയ്യുകയും ചെയ്തതായി നവംബര്‍ അവസാനം അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയിലെ ആഭ്യന്തര കലാപത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും പലായനം ചെയ്ത് 1900 കളുടെ തുടക്കത്തിലാണ് സിറിയന്‍ ക്രിസ്ത്യാനികള്‍ സുഡാനില്‍ അഭയം പ്രാപിക്കുന്നത്. ഇവിടുത്തെ ന്യൂനപക്ഷ വിഭാഗമായി അവര്‍ മാറുകയും ചെയ്തു. എന്നാല്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. മെച്ചപ്പെട്ട ഭാവി തേടിയെത്തിയ സുഡാനില്‍ നിന്ന് വീണ്ടും പലായനം ചെയ്യേണ്ട ഗതികേടിലാണ് ഇവിടുത്തെ സിറിയന്‍ ക്രിസ്ത്യാനികള്‍.
‘ഞങ്ങള്‍ കെയ്റോയില്‍ ഇരുന്നൂറിലധികം ആളുകളെ പരിപാലിക്കുന്നുണ്ട്, ഞങ്ങള്‍ അവരെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരാനാണു ശ്രമിക്കുന്നത്. ഓസ്ട്രേലിയയിലെ സുഡാനീസ് സിറിയന്‍ ക്രിസ്ത്യന്‍ സോഷ്യല്‍ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ജോര്‍ജ്ജ് അബാഗി പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ മെല്‍കൈറ്റ് കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. സുരക്ഷിതമായ അഭയം തേടി മരുഭൂമികളിലൂടെയും മറ്റു കഠിന പാതകളിലൂടെയും സഞ്ചരിച്ച് ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍.
‘ഈജിപ്തിലെത്തിയ ശേഷം ഒരു അപ്പാര്‍ട്ട്‌മെന്റില്‍ 12-ലധികം സിറിയന്‍ ക്രിസ്ത്യാനികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. സുഡാന്റെ നിയന്ത്രണത്തിനായി സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം തുടരുന്നതിനാല്‍, പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് മടങ്ങിവരവ് അസാധ്യമാണ്, മാത്രമല്ല രാജ്യത്ത് അവശേഷിക്കുന്നവരും പലായനം ചെയ്യാനുള്ള ശ്രമത്തിലാണ്. മെല്‍കൈറ്റ് കത്തോലിക്കാ സമൂഹം സുഡാനില്‍ പ്രബലമായ വിഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കും അവിടെ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണ് – അബാഗി പറഞ്ഞു.
‘ഒരു ചെറിയ സമൂഹമായിട്ടും സുഡാനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിനുശേഷം 100,000 ഡോളര്‍ സമാഹരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ദുരിതബാധിതരെ സഹായിക്കാന്‍ ഞങ്ങള്‍ കൂടുതല്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. മരുന്നുകള്‍, ഭക്ഷണം, ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ലഭ്യമാക്കി. അവരെ ജോലിയില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുന്നു.’
ഓസ്ട്രേലിയയിലെ സിറിയന്‍ ക്രിസ്ത്യാനികള്‍, മെല്‍കൈറ്റ് കത്തോലിക്കാ സഭയുമായും മെല്‍കൈറ്റ് ഫൗണ്ടേഷനുമായും സഹകരിച്ചാണ് കെയ്റോയിലുള്ളവര്‍ക്കായി ധനസമാഹരണം നടത്തുന്നത്