എന്‍ആര്‍ഐകളും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹം നിര്‍ബന്ധമായും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം: നിയമ കമ്മീഷന്‍

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരും വിദേശത്ത് സ്ഥിര താമസമാക്കിയ ഇന്ത്യന്‍ പൗരന്മാരും തമ്മിലുള്ള വിവാഹം നിര്‍ബന്ധമായും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയുമായി നിയമ കമ്മീഷന്‍. വിവാഹങ്ങളില്‍ വ്യാപക തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണം കണക്കിലെടുത്താണ് രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പറയുന്നത്.

കൂടാതെ 1967ലെ പാസ്‌പോര്‍ട്ട് നിയമത്തില്‍, മരിറ്റല്‍ സ്റ്റാറ്റസ് അറിയിക്കുന്നതിനും പങ്കാളിയുടെ പാസ്‌പോര്‍ട്ട് മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതിനും ഇരുവരുടെയും പാസ്‌പോര്‍ട്ടില്‍ വിവാഹ രജിസ്റ്റേഷന്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

അതോടൊപ്പം നിയമം ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ടും യാത്രാരേഖകളും സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുവാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

പാസ്‌പോര്‍ട്ട് നിയമം ഭേദഗതി ചെയ്ത് വിവാഹിതരാണോ അവിവാഹിതരാണോയെന്നത് രേഷപ്പെടുത്തുന്നതിനൊപ്പം വിവാഹിതരാണെങ്കില്‍ അവരുടെ പാസ്‌പോര്‍ട്ടും പങ്കാളികളുടെ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം. ഇതിനായി ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളില്‍ പ്രത്യേക വിഭാഗങ്ങള്‍ തുടങ്ങണം.

ഇന്ത്യയിലായാലും വിദേശത്തായാലും 30 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കണമെന്നതടക്കമുള്ള ശുപാര്‍ശകളുമുണ്ട്.

You might also like