‘വെടിയുതിർക്കരുതേ’: കണ്ണീരായി മ്യാൻമർ പോലീസിനോട് മുട്ടിന്മേൽ നിന്ന് അപേക്ഷിക്കുന്ന സന്യാസിനിയുടെ ചിത്രം
യംഗൂണ്‍: മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനത്തിനിടെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കരുതേയെന്ന് മുട്ടിന്മേൽ നിന്ന് പോലീസിനോട് അപേക്ഷിക്കുന്ന കത്തോലിക്കാ സന്യാസിനിയുടെ ചിത്രം ലോകത്തിന്റെ കണ്ണീരായി മാറുന്നു. യംഗൂണ്‍ കർദ്ദിനാൾ ചാൾസ് ബോയാണ് ആയുധങ്ങളുമായി നിൽക്കുന്ന പട്ടാളത്തിന്റെ മുൻപിലേക്ക് ധീരതയോടെ കടന്നുചെല്ലുന്ന ഫ്രാൻസിസ് സേവ്യർ ന്യൂ താങ് എന്ന കത്തോലിക്ക സന്യാസിയുടെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പോലീസ് ആളുകളെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും വെടിവെയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്നലെ ഫെബ്രുവരി 28 ഞായറാഴ്ച രാജ്യത്ത് നടന്ന വിവിധ പ്രതിഷേധ പ്രകടനങ്ങൾക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 18 ആളുകൾ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരിന്നു. കന്യാസ്ത്രീയുടെ ഇടപെടലില്‍ നൂറോളം പ്രതിഷേധക്കാർക്ക് പോലീസിന്റെ കിരാത ആക്രമങ്ങളില്‍ നിന്ന്‍ രക്ഷപ്പെടുവാന്‍ കഴിഞ്ഞെന്നു കര്‍ദ്ദിനാളിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ അക്രമസംഭവങ്ങൾ വർദ്ധിക്കുന്നതിനെ കർദ്ദിനാൾ ചാൾസ് ബോ അപലപിച്ചു. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെ പട്ടാളം ബലപ്രയോഗം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമിച്ച് കൂടാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. പോലീസും, പട്ടാളവും ഈ മൗലികാവകാശത്തെ ബഹുമാനിക്കണം. മ്യാൻമറിനെ ഒരു യുദ്ധക്കളം എന്നാണ് കർദ്ദിനാൾ വിശേഷിപ്പിച്ചത്. രാജ്യതലസ്ഥാനമായ യംഗൂണിൽ പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ കഴിഞ്ഞദിവസം ഒരു അധ്യാപിക കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനത്തെ ഒരു മെഡിക്കൽ കോളേജിന് മുന്നിലും പോലീസ് ഗ്രനേഡ് ആക്രമണം നടത്തി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൺ മ്യാൻമറിലെ സ്ഥിതിവിശേഷത്തെ പറ്റി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.