ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസ്: അന്തിമറിപ്പോർട്ട് റദ്ദാക്കണമെന്ന ഹരജി തള്ളി
കൊച്ചി: കാമുകനായിരുന്ന ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നതടക്കം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി ഹൈകോടതി തള്ളി.
സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെയാണ് നടത്തേണ്ടതെന്നും നിലവിൽ നൽകിയ അന്തിമ റിപ്പോർട്ടും പരിഗണിക്കുന്ന കോടതിയും നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഗ്രീഷ്മ, മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ നായർ എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
സംഭവം നടന്നത് പ്രതികളുടെ വീടിരിക്കുന്ന കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്തായതിനാൽ നിയമപരമായി വിചാരണയും അവിടെയാണ് നടത്തേണ്ടതെന്നും തുടർ നടപടിക്ക് ഉത്തരവിട്ട നെയ്യാറ്റിൻകര കോടതി ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു പ്രതികളുടെ പ്രധാന ആവശ്യം.