യുക്രൈനിലെ ദുരിതബാധിതരായ 1.6 ദശലക്ഷം ജനങ്ങള്‍ക്ക് സഹായമെത്തിച്ച് കത്തോലിക്ക സന്നദ്ധ സംഘടന

0

കീവ്: റഷ്യ യുക്രൈന് മേലുള്ള അധിനിവേശം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും കുടിയൊഴിപ്പിക്കപ്പെട്ട ജനത്തിനും ദുരിതമനുഭവിക്കുന്നവർക്കും ഭൗതീകവും ആത്മീയവുമായ സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ തുടര്‍ന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. $22 മില്യൺ സമാഹരിച്ച സംഘടന 7.7 മില്യൺ പൗണ്ടിന്റെ സാധനങ്ങൾ യുദ്ധത്തിൻ്റെ ഇരകൾക്ക് വിതരണം ചെയ്തു. അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്ക് ഉള്ളില്‍ തന്നെ തങ്ങളുടെ പദ്ധതികൾ നൈറ്റ്സ് ഓഫ് കൊളംബസ് ആരംഭിച്ചിരിന്നു. യുദ്ധത്തെ തുടര്‍ന്നു രാജ്യത്തെ നിരവധി വിധവകളും അനാഥരുമാണ് ഏറ്റവും കഷ്ട്ടതയനുഭവിക്കുന്നതെന്നും ഇപ്പോൾ, ആവശ്യം എന്നത്തേയും പോലെ വലുതാണെന്നും കിഴക്കൻ യൂറോപ്പിലെ നൈറ്റ്‌സ് ഓഫ് കൊളംബസിൻ്റെ ഹെഡ് റിലീഫ് സംഘാടകരിലൊരാളായ സിമോൺ സിസെക് പറഞ്ഞു. ഇതുവരെ, രാജ്യത്തുടനീളമുള്ള 1.6 ദശലക്ഷം യുദ്ധബാധിതരെ ഭക്ഷണം, മരുന്ന്, പാർപ്പിട സഹായം, മറ്റ് ആവശ്യങ്ങൾ എന്നിവയിൽ സഹായിക്കാൻ നൈറ്റ്സ് ഓഫ് കൊളംബസിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും വികലാംഗരെയും പ്രായമായവരെയും സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ശ്രദ്ധ. യുദ്ധത്തിനു ഇരയായവർ “ക്രിസ്തുവിൻ്റെ കഷ്ടത അനുഭവിക്കുന്ന ശരീരം” ആണെന്നും സിമോൺ സിസെക് കൂട്ടിച്ചേര്‍ത്തു.

You might also like