ഗാസയില്‍ കൊടും പട്ടിണിയെന്ന് റിപ്പോർട്ടുകൾ ; ശിശുമരണങ്ങള്‍ കുത്തനെ ഉയരുമെന്നും സൂചനകൾ, ആശങ്കയോടെ ലോകരാജ്യങ്ങൾ…!
ഗാസാ സിറ്റി : ”കുട്ടികളുടെ വിശപ്പ് അകറ്റാൻ ആ കുതിരകളെ കശാപ്പുചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വിശപ്പ് ഞങ്ങളെ കൊല്ലുകയാണ്”. കുതിരയിറച്ചിയില്‍ കുറച്ചരിയിട്ട് വേവിച്ച് ഉറ്റവരുടെ വിശപ്പകറ്റാന്‍ ശ്രമിച്ചു തളര്‍ന്ന് അബു ജിബ്രില്‍ പറഞ്ഞു. വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥിക്യാമ്പില്‍ ഒരു തമ്പിലാണ് അബുവും കുടുംബവും. കഴുകാനും കുടിക്കാനുമുള്ളത് മലിനജലം, വല്ലപ്പോഴും വന്നുപോകുന്ന വൈദ്യുതി. തിങ്ങിഞെരുങ്ങിക്കഴിയുന്ന ജനം. 1948-ല്‍ 1.4 ചതുരശ്ര കിലോമീറ്ററില്‍ ഐക്യരാഷ്ട്രസഭ പണിതുണ്ടാക്കിയ ഈ അഭയാര്‍ഥി ക്യാമ്പിലെ സ്ഥിതി അതിദയനീയം. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങുംമുമ്പ് ഒരുലക്ഷത്തിലേറെപ്പേരുണ്ടായിരുന്നു ഇവിടെ.
അടുത്തുള്ള ബെയ്ത്ത് ഹനൂനില്‍നിന്നാണ് അറുപതുകാരനായ അബു ജിബ്രിലും കുടുംബവും ജബലിയയിലെത്തിയത്. യുദ്ധത്തില്‍ ജീവനുംകൊണ്ടോടിയതാണ്. ആകെയുണ്ടായിരുന്ന ഇത്തിരി നിലമൊരുക്കാന്‍ തുണയായിരുന്ന രണ്ടു കുതിരകളെ ആ പലായനത്തിലും കൈവിട്ടില്ല. പഞ്ഞകാലത്ത് അതുപകരിച്ചു. വടക്കന്‍ ഗാസയില്‍ ആഹാരം തീരുകയാണ്. നിരന്തരം വീഴുന്ന ബോംബുകള്‍ക്കിടയിലൂടെ സഹായമെത്തിക്കാന്‍ യു. എന്‍. ഏജന്‍സികള്‍ക്കാകുന്നില്ല. ആഹാരസാധനങ്ങളുമായി ഇടയ്‌ക്കെത്തുന്ന ട്രക്കുകള്‍ പരവശരായ ജനം കൊള്ളയടിക്കുന്നു. ഗാസ സിറ്റിയിലെ ആശുപത്രിയില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് പോഷകാഹരക്കുറവിനാല്‍ വെള്ളിയാഴ്ച മരിച്ചു. ഏഴു ഷെക്കലുണ്ടായിരുന്ന (160 രൂപ) ഒരു കിലോഗ്രാം അരിക്ക് ഇപ്പോള്‍ വില 55 ഷെക്കല്‍ (1264 രൂപ). പട്ടിണി?യില്‍ ചീഞ്ഞ ചോളവും കാലിത്തീറ്റയും ഇലകളുംവരെ തിന്നുന്നു നാട്ടുകാര്‍.