കുവൈത്തിൽ താമസ നിയമ ലംഘകർക്ക് വേണ്ടി പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ നിയമ ലംഘകർക്ക് വേണ്ടി പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് താമസ നിയമലംഘനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം തെറ്റായ വിവരങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്ക് തടയിടുന്നത് രാജ്യത്തിന്‍റെ മുൻഗണനകളിൽ ഒന്നാണ്. വിവേചനമോ പക്ഷപാതമോ കൂടാതെ നീതിപൂർവ്വം നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ മികച്ച ആസൂത്രണത്തോടെ കർശനമായ കാഴ്ചപ്പാടാണ് പിന്തുടരുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
കർശനമായ നിയന്ത്രണങ്ങളിലൂടെ എൻട്രി വീസകൾ അനുവദിച്ചുകൊണ്ട് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ വരും കാലയളവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിസിറ്റ് വീസ അനുവദിക്കുന്നതിലൂടെ 30 മുതൽ 60 ദിവസം വരെ ജനസംഖ്യയിൽ 1,00,000 മുതൽ 2,00,000 വരെ സന്ദർശകരെ രാജ്യം പ്രതീക്ഷിക്കുന്നുവെന്നും ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പുതിയ ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട് കരട് നിയമം ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ ചർച്ച ചെയ്ത് അംഗീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുറ്റകൃത്യത്തിന്‍റെ വലുപ്പത്തിന് തുല്യമായ രീതിയിൽ ശിക്ഷാ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് അദ്ദേഹം സൂചന നൽകി.