ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂർ :ഖേദം അറിയിച്ച് മെറ്റ

0

മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍. ഇത്രയധികം സമയം ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തന രഹിതമായിരുന്നില്ല. ഫേയ്സബുക്ക് തനിയെ ലോഗ്ഡ് ഔട്ടാവുകയായിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചശേഷം ലോഗ്ഡ് ഇന്‍ ആകുകയും ചെയ്തു. ഇന്നലെ രാത്രി 8.45ന് ശേഷമാണ് സംഭവം. ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് തനിയെ ലോഗ് ഔട്ട് ആയത്.

ഫേയ്സ്ബുക്ക് മെസഞ്ചർ, ത്രെഡ് എന്നീ ആപ്പുകളും പ്രവർത്തന രഹിതമായി. എന്നാല്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത് ഒന്നര മണിക്കൂറിനുശേഷമാണ് ആപ്പുകള്‍ പ്രവര്‍ത്തന സജ്ജമായത്. ഉപയോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിച്ച മെറ്റ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതായും വ്യക്തമാക്കി. എന്നാല്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് തടസം നേരിടാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യം ഉള്‍പ്പെടെ അധികൃതര്‍ അറിയിച്ചിട്ടില്ല. പ്രവര്‍ത്തനം നിലച്ചതോടെ  #facebook, #facebookdown ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍റിംഗ് ആയിരുന്നു. നൂറുകണക്കിന് പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് എക്സില്‍ ആളുകള്‍ പോസ്റ്റ് ചെയ്തത്. നിരവധി ട്രോളുകളും വരുന്നുണ്ട്.

അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു.

You might also like