യുവത്വത്തെ ബൈബിളിനോട് അടുപ്പിക്കുവാന്‍ ബ്രിട്ടീഷ് യുവാവ് പോള്‍ ലീ കണ്ടെത്തിയ വ്യത്യസ്തമായ മാര്‍ഗ്ഗം ശ്രദ്ധയാകർഷിക്കുന്നു.
ലണ്ടന്‍: ബൈബിള്‍ വായിക്കുന്നതിന് യുവജനങ്ങള്‍ക്കു പ്രചോദനമേകുന്നതിനായി ലണ്ടനിലെ പോള്‍ ലീ കണ്ടെത്തിയ വ്യത്യസ്തമായ മാര്‍ഗ്ഗം ശ്രദ്ധയാകർഷിക്കുന്നു. “ബൈബിള്‍ ക്വസ്റ്റ്” എന്ന പേരില്‍ ഓണ്‍ലൈന്‍ ചലഞ്ചിന് രൂപം കൊടുത്തിരിക്കുകയാണ് പോള്‍ ലീ. ബൈബിള്‍ പാരായണം നടത്തുന്നവര്‍ക്ക് വായനയ്ക്ക് അനുസരിച്ചു യുകെയുടെ വിര്‍ച്വല്‍ ടൂര്‍ ലഭ്യമാക്കുന്നുവെന്നതാണ് ചലഞ്ചിന്റെ പ്രത്യേകത. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് വായിക്കേണ്ട ബൈബിള്‍ ഭാഗം ഓണ്‍ലൈന്‍ ആയി വായിക്കുവാനും, ബൈബിള്‍ ഭാഗങ്ങളുടെ തര്‍ജ്ജമക്കുള്ള സൗകര്യവും ‘ബൈബിള്‍ ക്വസ്റ്റ്’ ഒരുക്കിയിട്ടുണ്ട്.
ഇതില്‍ പങ്കെടുക്കുന്നവരുടെ ബൈബിള്‍ വായന മുന്‍പത്തേക്കാളും ഒരുപാട് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ലീ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൌണ്‍ കാലത്താണ് ആശയം പോള്‍ ലീയുടെ മനസ്സില്‍ ഉദിച്ചത്. യുവജനങ്ങളെ കൊണ്ട് ബൈബിള്‍ മുഴുവനായും വായിപ്പിക്കുക എന്ന ലക്ഷ്യം ചലഞ്ചിന്റെ പിന്നിലുണ്ടെന്നും ലീ പറഞ്ഞു. ഇംഗ്ലണ്ടിലെ ‘ലാന്‍ഡ് എന്‍ഡ്’ല്‍ നിന്നും തുടങ്ങി നിരവധി പ്രസിദ്ധ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന വിര്‍ച്വല്‍ സാഹസിക യാത്രയിലേക്കാണ് ബൈബിള്‍ വായിക്കുന്നതിന് അനുസരിച്ചു ഓരോരുത്തരെയും കൂട്ടിക്കൊണ്ടു പോകുന്നത്.
ബൈബിളുമായി ഇടപെടുവാന്‍ ബുദ്ധിമുട്ടുള്ള യുവതീയുവാക്കള്‍ക്ക് പ്രചോദനം നല്‍കുവാനും, ലോക്ക്ഡൌണ്‍ കാരണം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയാത്ത സാഹചര്യം വിര്‍ച്വല്‍ ടൂറിലൂടെ പരിഹരിക്കുവാനും ചലഞ്ച് ഒരുപരിധിവരെ സഹായമാകുമെന്നാണ് ലീയുടെ പ്രതീക്ഷ. യു.കെയിലൂടെയുള്ള പര്യടനമാണിതെന്നും, ബൈബിള്‍ വായിച്ചുകൊണ്ടാണ് പര്യടനത്തില്‍ മുന്നേറേണ്ടതെന്നും ‘ബൈബിള്‍ ക്വസ്റ്റ്’ന്റെ വെബ്സൈറ്റില്‍ പറയുന്നു. ഒരു വര്‍ഷം കൊണ്ട് ചലഞ്ച് പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമെങ്കിലും പങ്കെടുക്കുന്നവര്‍ ദിവസവും എത്രനേരം ബൈബിള്‍ വായിക്കുവാന്‍ തയ്യാറാവുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം. യുവജന-കൂട്ടായ്മകളുമാണ് കൂടുതലായും ചലഞ്ചില്‍ പങ്കെടുക്കുന്നതെന്നും, ചലഞ്ചിന്റെ മത്സരത്തിന്റേതായ സ്വഭാവം അവര്‍ക്കിഷ്ടപ്പെടുന്നുണ്ടെന്നും ലീ പറയുന്നു.