ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; യുഎസ് പ്രതിനിധി സഭ ബില്‍ പാസാക്കി
വാഷിംഗ്ടൺ: പ്രമുഖ ഷോർട്ട് വിഡിയോ ആപ്പ് ആയ ടിക്ക് ടോക് നിരോധിക്കാന്‍ അമേരിക്ക. ടിക്ക് ടോക് നിരോധിക്കുന്ന ബില്‍ യുഎസ് പ്രതിനിധി സഭ പാസാക്കി. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃ കമ്പനി. ആപ്പിന്റെ ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാൻ ബൈറ്റ് ഡാൻസ് തയ്യാറായില്ലെങ്കിൽ അമേരിക്കയിൽ ടിക്ക് ടോക് നിരോധിക്കാനാണ് സാധ്യത. ആറ് മാസത്തെ കാലാവധിയാണ് പ്രതിനിധി സഭ അനുവദിച്ചിരിക്കുന്നത്.
സെനറ്റ് ബില്ല് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. നിയമം നിലവിൽ വരുന്നതോടെ ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക്ക് ടോക്കിനെ നീക്കും. സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ താൻ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. യുഎസിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ ടിക് ടോക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റും ഉപയോഗിക്കാനുള്ള മികച്ചൊരു പ്ലാറ്റ്‌ഫോമായിരുന്നു. വന്‍ ജനപ്രീതിയില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യ ടിക് ടോക്കിന് നിരോധനം ഏര്‍പെടുത്തിയത്.
ടിക് ടോക്കിന് സമാനമായ വിവിധ ഇന്ത്യന്‍ ആപ്പുകള്‍ രംഗത്തുവന്നെങ്കിലും ടിക് ടോക്ക് സൃഷ്ടിച്ച ശൂന്യത വലിയ രീതിയില്‍ മുതലെടുക്കാനായത് മെറ്റയുടെ ഇന്‍സ്റ്റാഗ്രാമിനാണ്. ഇന്ത്യയെക്കൂടാതെ ബ്രിട്ടൺ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു.