ക്രൈസ്തവർക്ക് മേൽ വീണ്ടും അടിച്ചമർത്തലുകളുമായി നിക്കരാഗ്വ; വിശുദ്ധ വാരത്തിൽ നടത്തപ്പെടുന്ന 4800 ഓളം പ്രദക്ഷിണങ്ങൾ നിരോധിച്ചു

0

മനാഗ്വ: ക്രൈസ്തവര്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന രാജ്യമാണ് ലാറ്റിനമേരിക്കയിലെ നിക്കരാഗ്വ. പ്രസിഡണ്ട് ഒര്‍ട്ടേഗായുടെയും ഭാര്യയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ക്രിസ്ത്യാനികൾക്കു നേരെ കൊടിയ പീഡനങ്ങളാണ് അഴിച്ചുവിടുന്നത്.

വിശുദ്ധ വാരം അടുത്തു വരുന്ന സമയത്ത് കൂടുതൽ അടിച്ചമർത്തലുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ് ഒർട്ടേഗ ഭരണകൂടം. വിശുദ്ധ വാരത്തിൽ നിക്കരാഗ്വയിലുടനീളം പാരമ്പരാഗതമായി നടത്തപ്പെടുന്ന 4800 ഓളം പ്രദക്ഷിണകൾ ഒർട്ടേഗ ഭരണകൂടം നിരോധിച്ചു. കൂടാതെ വളരെ കുറച്ച് ഇടവകകൾക്ക് മാത്രമേ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഭാഗമായി ഉള്ള പ്രദക്ഷിണങ്ങൾ നടത്തുവാൻ അനുമതിയുള്ളു.

പ്രദക്ഷിണങ്ങൾ ദേവാലത്തിനുള്ളിൽ മാത്രം നടത്തുവാൻ ആണ് അനുമതി. പൊതു സ്ഥലങ്ങളിലേക്ക് പ്രദക്ഷിണം എത്തുന്നതിനും വിലക്കുണ്ട് എന്ന് നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന വെളിപ്പെടുത്തി. സഭയെ ഉന്മൂലനം ചെയ്യുന്നതിനായി കത്തോലിക്കാ ജനതയുടെ വിശ്വാസം പൂർണ്ണമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു എന്നും അതിന്റെ തെളിവാണ് ഈ അടിച്ചമർത്തലുകൾ എന്നും മോളിന ചൂണ്ടിക്കാട്ടി.

രാജ്യത്തെ മിക്ക ഇടവകകളിലും ചാപ്പലുകളിലും ഉള്ളതുപോലെ എല്ലാ നിക്കരാഗ്വൻ രൂപതകളിലെയും കത്തീഡ്രലുകളിൽ ഘോഷയാത്രകൾ ദേവാലയത്തിനുള്ളിൽ നടത്തും. സുവിശേഷത്തിൻ്റെ വെളിച്ചത്തിൽ സത്യം പറഞ്ഞതിനും ഏകാധിപതികൾ നടത്തിയ എല്ലാ മനുഷ്യാവകാശ ലംഘനങ്ങളെയും ചൂണ്ടിക്കാണിച്ചതിനും മാത്രമാണ് ഭരണകൂടം കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നത് എന്നും മോളിന വെളിപ്പെടുത്തുന്നു.

You might also like