അഖിലേന്ത്യാ ബിരുദ പ്രവേശനം : സമയപരിധി നീട്ടി
നൃൂഡൽഹി : അഖിലേന്ത്യാ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധിയാണ് നീട്ടിയത്. സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു. ഇന്ന് രാത്രി 11 മണിക്ക് സമയപരിധി അവസാനിക്കാനിരിക്കേയാണ് അപേക്ഷാതീയതി നീട്ടിയത്. മാര്‍ച്ച് 31 രാത്രി 9.50 വരെ അഖിലേന്ത്യാ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണെന്ന് ജഗദീഷ് കുമാര്‍ അറിയിച്ചു. സമയപരിധി നീട്ടിയത് വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന മാനിച്ചാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 15 മുതല്‍ 31 വരെ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. 2022ലാണ് കേന്ദ്ര, സംസ്ഥാന, കല്‍പ്പിത, സ്വകാര്യ സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് പൊതു പരീക്ഷ ആരംഭിച്ചത്. സാധാരണ രീതിയിൽ നിന്ന് മാറി വ്യത്യസ്ത വിഷയങ്ങള്‍ക്ക് എഴുത്തുപരീക്ഷയ്ക്ക് പുറമേ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചിട്ടുണ്ട്.