ഷാർജ കൽബയിൽ പുതിയ വിനോദസഞ്ചാര കേന്ദ്രം തുറന്നു
ദുബൈ: ഷാർജ എമിറേറ്റിലെ മലയോര, തീരദേശ മേഖലയായ കൽബയിൽ പുതിയ വിനോദസഞ്ചാര കേന്ദ്രം തുറന്നു. ഷാർജ-കൽബ റോഡിൽ അൽ ഹിയാർ ടണൽ കഴിഞ്ഞ ഉടനെയാണിത് സ്ഥിതി ചെയ്യുന്നത്. എമിറേറ്റിൽ നടപ്പിലാക്കുന്ന വിവിധ നഗര വികസന പദ്ധതികളുടെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയത്.
മലയടിവാരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന അൽ ഹഫിയ്യ എന്നുപേരിട്ട മനോഹരമായ തടാകം, സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് സന്ദർശകർക്കായി തുറന്നുനൽകിയത്.
തടാകത്തിന് ചുറ്റുമായി 3.17കി.മീറ്റർ നീളത്തിൽ രണ്ട് ലെയിൻ റോഡ് നിർമിച്ചിട്ടുണ്ട്. ഇതുവഴി സഞ്ചരിച്ച് സന്ദർശകർക്ക് തടാകത്തിന്‍റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സാധിക്കും. കുട്ടികൾക്കായി 630ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും മറ്റും യോജിച്ച വിനോദ കേന്ദ്രമെന്ന നിലയിൽ നിർമിച്ച പ്രദേശത്ത് 495പേർക്ക് നമസ്കാരത്തിന് സൗകര്യമുള്ള പള്ളിയും പണിതിട്ടുണ്ട്.
ആകെ 1.32ലക്ഷം ചരുതശ്ര മീറ്റർ വൃസ്തൃതിയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. പർവത മേഖലകൾക്ക് യോജിച്ച ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. മലകളിൽ നിന്ന് വരുന്ന വെള്ളം തടാകത്തിൽ ശേഖരിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.