അല്‍ ജസീറ ചാനലിന് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഇസ്രയേല്‍; പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കി
ടെല്‍ അവീവ്: അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിക്കാന്‍ പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കി ഇസ്രയേല്‍. ബില്‍ ഉടന്‍ തന്നെ പാസാക്കാന്‍ സെനറ്റിന് നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അല്‍ ജസീറ അടച്ചുപൂട്ടാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ടൈംസ് ഓഫ് ഇസ്രയേലിനെയും എ.എഫ്.പിയെയും ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറയും ഇക്കാര്യം സ്ഥിരീകരിച്ചു. 70-10 വോട്ടുനിലയിലാണ് പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്. രാജ്യസുരക്ഷക്ക് ഭീഷണിയായ വിദേശ ചാനലുകളുടെ ഓഫീസുകള്‍ രാജ്യത്ത് നിരോധിക്കാനുള്ള അധികാരവും നിയമം സര്‍ക്കാരിന് നല്‍കുന്നു.
ഖത്തര്‍ ആസ്ഥാനമായുള്ള ടെലിവിഷന്‍ ചാനല്‍ ഇനി ഇസ്രയേലില്‍ സംപ്രേക്ഷണം ചെയ്യില്ലെന്നും പുതിയ നിയമപ്രകാരം ഉടന്‍ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ച് നെതന്യാഹു സമൂഹ മാധ്യമത്തില്‍ തീരുമാനം സ്ഥിരീകരിച്ചു.
‘അല്‍ ജസീറ ഇസ്രയേലിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചു. ഒക്ടോബര്‍ ഏഴിന് നടന്ന കൂട്ടക്കൊലയെ പിന്തുണച്ചു. ഹമാസിനെ പിന്തുണയ്ക്കുന്നവരെ നമ്മുടെ നാട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ സമയമായിരിക്കുന്നു. അല്‍ ജസീറ ഇനി ഇസ്രയേലില്‍ നിന്ന് സംപ്രേഷണം ചെയ്യില്ല. ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമപ്രകാരം ഉടന്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിക്കുന്നു’ – നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.
ഇസ്രയേലിനെതിരായ സായുധ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹമാസിന്റെ പ്രചാരണ വിഭാഗമായാണ് അല്‍ ജസീറ പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രായേലിന്റെ കമ്മ്യൂണിക്കേഷന്‍ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകനും ഫ്രീലാന്‍സറും ഭീകരവാദികളാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. മറ്റൊരു ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ ഹമാസിന്റെ ഡെപ്യൂട്ടി കമാന്‍ഡറാണെന്നും ഇസ്രയേല്‍ ആവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ ആരോപണങ്ങള്‍ അല്‍ ജസീറ തള്ളി. തങ്ങളുടെ ജീവനക്കാരെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു