ഇറാന് തിരിച്ചടി നല്‍കി ഇസ്രയേല്‍: ഇസ്ഫഹാനില്‍ ഡ്രോണ്‍ ആക്രമണം; വ്യോമ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചു

0

ടെഹ്‌റാന്‍: ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍. ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന പ്രധാന നഗരമായ ഇസ്ഫഹാനിലാണ് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമണം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ മൂന്ന് ഡ്രോണുകള്‍ തകര്‍ത്തുവെന്നും ഇറാന്‍ അറിയിച്ചു. ഇസ്ഫഹാനില്‍ സ്ഫോടന ശബ്ദം കേട്ടതായും എന്നാല്‍ ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇറാന്‍ ഫാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നതാന്‍സ് ആണവ കേന്ദ്രം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ് ഇസ്ഫഹാന്‍സ് പ്രവിശ്യ. ഡ്രോണ്‍ ആക്രമണം ആണവ കേന്ദ്രത്തെ ബാധിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തിമാക്കി. ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടായ സാഹചര്യത്തില്‍ ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമ ഗതാഗതം നിര്‍ത്തി വച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്.

ടെഹ്‌റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഇറാന്‍ വ്യോമ പാതയിലൂടെയുള്ള മറ്റ് നിരവധി വിമാനങ്ങളും വഴി തിരിച്ചു വിട്ടു.

ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്ര കാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ ഏപ്രില്‍ 13 ന് മറുപടി നല്‍കിയിരുന്നു. പ്രത്യാക്രമണം നടത്തുമെന്ന് അന്നു തന്നെ ഇസ്രയേല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 16 ഇന്ത്യക്കാര്‍ കപ്പലില്‍ തുടരുന്നത് കപ്പല്‍ നിയന്ത്രിക്കാന്‍ ജീവനക്കാര്‍ വേണം എന്നതിനാല്‍ മാത്രമാണ്. ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങാമെന്ന് ഇറാന്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു

You might also like