തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷം.
കീറ്റോ: തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷം. പ്രസിഡന്റ് ഡാനിയൽ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വർഷം ഇക്വഡോറിൽ ഇത് രണ്ടാം തവണയാണ് നൊബോവ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ ക്രിമിനൽ സംഘങ്ങളും പൊലീസും തമ്മിലെ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ ജനുവരിയിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്നലെ പ്രഖ്യാപിച്ച 60 ദിവസത്തെ ഊർജ അടിയന്തരാവസ്ഥ കണക്കിലെടുത്ത് ഊർജ കേന്ദ്രങ്ങൾക്ക് പോലീസും സൈന്യവും സംരക്ഷണമൊരുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പവർ കട്ട് ഏർപ്പെടുത്താൻ നൊബോവ നേരത്തെ നിർദ്ദേശിച്ചിരുന്നു. ശക്തമായ വേനലിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിച്ചിരുന്ന ഡാമുകൾ വറ്റിയതാണ് ഇക്വഡോറിനെ പ്രതിസന്ധിയിലാക്കിയത്. എൽ നിനോ പ്രതിഭാസം മൂലം തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ശക്തമായ വേനലാണ് ഇത്തവണ അനുഭവപ്പെടുന്നത്.