ഒൻപത് മിനിറ്റിൽ അഞ്ച് ഭൂചലനം; ഒരു രാത്രിക്കിടെ 80 തവണ; വിറങ്ങലിച്ച് തായ്‌വാൻ
തായ്‌പേയ്: തുടർച്ചയായുണ്ടായ ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തായ്‌വാൻ. മണിക്കൂറുകൾക്കളുള്ളിൽ 80 ൽ അധികം തവണയാണ് ഭൂചലനമുണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയ ഭൂചലനം. തായ്‌വാൻ നഗരമായ തായ്‌പേയിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്.
തിങ്കളാഴ്ച വൈകീട്ട് മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് 80 ലധികം ഭൂചലനങ്ങളുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് ഒൻപത് മിനിറ്റിനിടെ മാത്രം അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
ഈ മാസം ആദ്യം തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും നൂറിലേറെ തവണ തായ്‌വാനിൽ ഭൂചലനങ്ങളുണ്ടായിരുന്നു. 2016 ൽ തെക്കൻ തയ്‌വാനിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. 1999 ൽ റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.