പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

0

ന്യുഡൽഹി: പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് തുടർന്ന് ഇന്ത്യ. സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) റിപ്പോർട്ട് അനുസരിച്ച് 2023-ൽ മാത്രം ഇന്ത്യ പ്രതിരോധ മേഖലയിലേക്കായി ചെലവഴിച്ചത് 83.6 ബില്യൺ ഡോളറാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

2022ലും പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് ഇന്ത്യയുടെ സൈനിക ചെലവ് 81.4  ബില്യൺ ഡോളറായിരുന്നു. ഇത് 2021 അപേക്ഷിച്ച് 6 % വർദ്ധനവും 2013 നെ അപേക്ഷിച്ച് 47 % വർദ്ധനവുമായിരുന്നു.

അമേരിക്കയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 916 ബില്യൺ ഡോളറാണ് ഇവർ തങ്ങളുടെ പ്രതിരോധ മേഖലയ്‌ക്ക് വേണ്ടി ചെലവഴിക്കുന്നത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 296 ബില്യൺ ഡോളറാണ് ഇവർ തങ്ങളുടെ പ്രതിരോധ മേഖലയ്‌ക്ക് വേണ്ടി ചെലവാക്കിയത്. മുൻ വർഷത്തെക്കാൾ ആറ് ശതമാനം അധികമാണിത്.  109 ബില്യൺ ഡോളർ ചെലവഴിച്ച്  റഷ്യയാണ്  ചൈനയ്‌ക്ക് പിന്നിൽ.

ആഗോള പ്രതിരോധ രംഗത്തെ ചെലവ് കണക്കാക്കുമ്പോൾ മുൻ വർഷത്തെ അപേക്ഷിച്ച് 6.68 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. യുക്രെയിനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും ഏഷ്യയിലെയും ഓഷ്യാനിയയിലെയും മിഡിൽ ഈസ്റ്റിലെയും വർദ്ധിച്ചുവരുന്ന സംഘർഷവുമാണ്  ആഗോള സൈനിക ചെലവ് വർധിക്കാനുള്ള കാരണങ്ങളെന്നും സിപ്രി റിപ്പോർട്ടിൽ പറയുന്നു.സൗദി അറേബ്യ (76 ബില്യൺ ഡോളർ), യുകെ (75 ബില്യൺ ഡോളർ), ജർമ്മനി (67 ബില്യൺ ഡോളർ), യുക്രെയ്ൻ (65 ബില്യൺ ഡോളർ), ഫ്രാൻസ് (61 ബില്യൺ ഡോളർ), ജപ്പാൻ (50 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങളാണ് യഥാക്രമം ഇന്ത്യക്ക്  പിന്നിൽ. 8.5 ബില്യൺ ഡോളറുമായി പാകിസ്താൻ പട്ടികയിൽ 30-ാം സ്ഥാനത്താണ്.

You might also like