എയർ എക്സ്പോ അബുദാബി നവംബർ 19 മുതൽ
അബുദാബി : വ്യോമയാന മേഖലയുടെ ഭാവി ചർച്ച ചെയ്യുന്ന എയർ എക്സ്പോ അബുദാബി നവംബർ 19 മുതൽ 21 വരെ നാഷനൽ എക്സിബിഷൻ സെന്ററിൽ (അഡ്നെക്) നടക്കും.
വ്യോമയാന മേഖലയിൽ സ്ത്രീകൾക്കുള്ള അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിന് ദ് വിമൻ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ് കോൺഫറൻസ്, വരുന്ന ദശകത്തിൽ യുഎഇ വ്യോമയാന മേഖലയുടെ വളർച്ച അഭിസംബോധന ചെയ്യുന്ന മിഡിൽ ഈസ്റ്റ് ഏവിയേഷൻ കരിയർ സോൺ തുടങ്ങി ഒട്ടേറെ പുതിയ സെഷനുകളാകും എക്സ്പോയുടെ പ്രധാന ആകർഷണം. 20,000ത്തിലേറെ പ്രഫഷനലുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ 40ലേറെ ഫ്ലൈറ്റ് ട്രെയിനിങ് സ്കൂളുകളും പങ്കെടുക്കും. വ്യോമയാന മേഖലയിലെ അവസരങ്ങൾ മനസ്സിലാക്കാനും വെല്ലുവിളികൾ പരിഹരിക്കാനുമുള്ള മികച്ച അവസരമാണിത്. ഗ്രൗണ്ട് ഓപ്പറേഷനുകൾ മുതൽ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും ചർച്ച ചെയ്യാവുന്ന വേദി ഈ രംഗത്തുള്ളവർക്ക് മുതൽക്കൂട്ടാകും.
സിവിൽ ഏവിയേഷൻ, എയ്റോസ്പേസ്, വ്യോമയാന സുരക്ഷ, പരിശീലനം, വിമാന അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിൽ വമ്പൻ കരാറുകൾ ഒപ്പുവയ്ക്കുമെന്നും കരുതുന്നു. ഇലക്ട്രിക് എയർക്രാഫ്റ്റ്, അർബൻ എയർ മൊബിലിറ്റി, ഓട്ടോണമസ് ഫ്ലൈയിങ് സിസ്റ്റം തുടങ്ങി വിപ്ലവകരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന എയ്റോസ്പേസ് സാങ്കേതികവിദ്യ, മൊബിലിറ്റി സൊല്യൂഷനുകൾ, നിർമിത ബുദ്ധി എന്നിവയിലെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന സെമിനാറുകളും ശിൽപശാലകളുമുണ്ടാകും.
അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്, ഇത്തിഹാദ് എയർവേയ്സ്, അഡ്നോക് ഏവിയേഷൻ സർവീസസ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, സനദ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.